Nammude Arogyam
Fungal diseases

മാസ്‌കുകള്‍ ഉപയോഗിയ്ക്കുന്ന രീതി കാരണം ഫംഗസ് ബാധകള്‍ വരുമോ?

കൊവിഡിനു പുറകെ കുറേ ഫംഗസുകളാണ് ഇപ്പോള്‍ പിടി മുറുക്കിയിരിയ്ക്കുന്നത്. ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് തുടങ്ങിയ പല രൂപങ്ങള്‍ ഇപ്പോള്‍ ഭീതിയായി വരുന്നു. ഇവയൊന്നും പകര്‍ച്ച വ്യാധികളല്ലെങ്കില്‍ പോലും മരണം വരെ വരുത്താവുന്നവയാണ്. കൊവിഡ് ബാധിച്ചവരിലോ ബാധിച്ചു മാറിയവരിലോ കൂടുതലായി കണ്ടു വരുന്നു ഇത്തരം ഫംഗസ് ബാധകള്‍. കൊവിഡ് വന്നവരില്‍ പ്രമേഹം പോലെ അവസ്ഥയുള്ളവർക്ക് ഈ ഫംഗസ് ബാധ കൂടുതല്‍ അപകടവുമാണ്. ഇത്തരം ഫംഗസ് ബാധകളില്‍ തന്നെ ബ്ലാക് ഫംഗ്‌സ് ആണ് കൂടുതലായി കണ്ടു വരുന്നത്. മരണത്തിനും, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമായ ഇവ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല.

ഫംഗസ് വരാന്‍ കാരണങ്ങള്‍ പലതുണ്ട്. നാം കൊവിഡിനെ ചെറുക്കാന്‍ പ്രധാന ആയുധമായി കരുതുന്ന മാസ്‌ക് പോലും ഇതിന് കാരണമായി വരുന്നു. ഇതിന് കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്നതില്‍ നാം വരുത്തുന്ന വീഴ്ച കൂടിയാണെന്നു വേണം പറയുവാന്‍. നാം മാസ്‌ക് വയ്ക്കുമ്പോള്‍ ഉള്ളിലേയ്‌ക്കെടുക്കുന്നത് ഓക്‌സിജനും പുറന്തള്ളുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമാണ്. ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഈര്‍പ്പമായി മാറി മാസ്‌കില്‍ പറ്റി ഫംഗല്‍ ബാധയുണ്ടാകുന്നു എന്നതു പോലെയുള്ള പല പോസ്റ്റുകളും പരക്കുന്നുണ്ട്. വാസ്തവത്തില്‍ മാസ്‌കിൽ നിന്ന് ഇതേ രീതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരുന്നുണ്ടോ?

മാസ്‌ക് വഴി ഫംഗല്‍ ബാധ വരുത്തും എന്നതാണ് വാസ്തവം. ഇത് വെറുതേ മാസ്‌ക് വയ്ക്കുന്നതു കൊണ്ടല്ല. ഇതില്‍ ഈര്‍പ്പം പറ്റുമ്പോഴാണ്. അതായത് ഈര്‍പ്പമുള്ള ഏത് പ്രതലത്തിലും ഫംഗസ് വളരും. ഇതു തന്നെയാണ് മാസ്‌കിന്റെ കാര്യത്തിലും. നാം പൊതുവേ മൂന്നു രീതിയിലെ മാസ്‌കുകളാണ് ഉപയോഗിയ്ക്കുന്നത്. സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95 മാസ്‌ക്, തുണി കൊണ്ടുള്ള കോട്ടന്‍ മാസ്‌ക്. ഇതില്‍ സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95 എന്നിവ കഴുകാന്‍ പറ്റുന്നതല്ല. നിശ്ചിത മണിക്കൂറുകള്‍ ഉപയോഗിച്ച ശേഷം കളയാനുള്ളവയാണ്. എന്നാല്‍ കോട്ടന്‍ മാസ്‌ക് കഴുകി വീണ്ടും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും.

ഏതു തരം മാസ്‌കെങ്കിലും നാം ഇത് ധരിച്ച് ഏറെ നേരം വയ്ക്കുമ്പോള്‍ ഇതില്‍ ഈര്‍പ്പമുണ്ടാകാം. ശ്വാസത്തിലൂടെയും അല്ലാതെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വഴിയും. ഇതല്ലാതെ മാസ്‌ക് ധരിച്ച് പുറത്തേയ്ക്കു പോകുമ്പോള്‍ അമിതമായ വിയര്‍പ്പെങ്കിലും അല്ലെങ്കില്‍ മഴ നനഞ്ഞാലുമെല്ലാം ഇതില്‍ ഈര്‍പ്പമുണ്ടാകും. ഇത് പൂര്‍ണമായി നീക്കം ചെയ്യാതെ ഉപയോഗിയ്ക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇത്തരം നനവില്‍ ഫംഗല്‍ ബാധകളുണ്ടാകും. നാം നനവു മാറാത്ത തുണികളില്‍ കരിമ്പന്‍ എന്നൊക്കെ പറയുന്ന രീതിയിലെ ഫംഗസ് തന്നെ. ഇത്തരം ഫംഗസ് വീണ്ടും ഇതേ മാസ്‌ക് നാം ധരിയ്ക്കുമ്പോള്‍ ശ്വാസത്തിലൂടെ ഉള്ളിലേയ്ക്കു പോകുകയാണ് ചെയ്യുന്നത്. ഇതാണ് ബ്ലാക് ഫംഗസ് ബാധയ്ക്ക് ഇട വരുത്തുന്നത്. ഇത് കൊവിഡ് വന്നു പോയവരില്‍, പ്രത്യേകിച്ചും ക്യാന്‍സര്‍, പ്രമേഹ രോഗികള്‍, അവയവം മാറ്റി വച്ചവരില്‍, സ്റ്റിറോയ്ഡുകള്‍ എന്നിവ ഉപയോഗിയ്ക്കുന്നവരില്‍ എല്ലാം ഗുരുതരമാകുന്നു.

ബ്ലാക് ഫംഗസ്, അല്ലെങ്കില്‍ വൈറ്റ് ഫംഗസ് ഇതേ രീതിയിലാണ് വരുന്നത്. ഇതിനുളള പരിഹാരമെന്നത് നല്ല വൃത്തിയോടെ മാസ്‌കുകള്‍ ഉപയോഗിയ്ക്കുക എന്നതാണ്. നനവുള്ളത് യാതൊരു കാരണവശാലും ഉപയോഗിയ്ക്കരുത്. കോട്ടന്‍ മാസ്‌കുകളെങ്കില്‍ ഇത് നല്ലതു പോലെ കഴുകി വൃത്തിയാക്കി പോലെ ഉണക്കി മാത്രം ഉപയോഗിയ്ക്കുക. കാര്‍ബണ്‍ ഡൈ ഓക്‌സൈഡല്ല, ഈ ഫംഗസിന്റെ വളര്‍ച്ചക്ക് കാരണമാകുന്നത്. ഇതിനായി വേണ്ടത് ഓക്‌സിജനാണ്. ഇതിനാല്‍ തന്നെ ശ്വാസം പുറത്തേയ്ക്കു വിടുന്നതില്‍ നിന്നാണ് മാസ്‌കില്‍ ഇതു വരുന്നതെന്നു പറയാന്‍ സാധിയ്ക്കില്ല. പൊതുവേ മഴക്കാലം കൂടിയാകുമ്പോള്‍ നാം ഈര്‍പ്പമുള്ള വസ്ത്രങ്ങളോ മാസ്‌കോ ഒന്നും തന്നെ ഉപയോഗിയ്ക്കാതിരിയ്ക്കുക. മാസ്‌കുകള്‍ നല്ല വൃത്തിയായി മാത്രം ഉപയോഗിയ്ക്കുക. നിശ്ചിത തവണ മാത്രം ഉപയോഗിയ്ക്കാന്‍ പറ്റുന്നവ അത്രയും പ്രാവശ്യം ഉപയോഗിച്ചു കളയുക. അല്ലാത്തവ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിയ്ക്കുക. ഇതു പോലെ തന്നെ തുണി മാസ്‌കുകള്‍ നീണ്ട കാലം ഉപയോഗിയ്ക്കാതെ പുതിയത് വാങ്ങി ഉപയോഗിയ്ക്കുക.

Related posts