ജീവിതത്തില്‍ ഒരിക്കലെങ്കിലും എക്കിള്‍ അനുഭവിയ്ക്കാത്തവര്‍ ഉണ്ടാകില്ല. സംഗതി അത്ര പ്രശ്നക്കാരനല്ല എന്ന് തോന്നുമെങ്കിലും പലപ്പോഴും അനിയന്ത്രിതമായാല്‍ വലിയ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായി ഇത് മാറും, ചിലപ്പോള്‍ ഒന്നോ രണ്ടോ ഇക്കിള് കൊണ്ട് അവസാനിയ്ക്കുന്നതാകും, എന്നാല്‍ പലര്‍ക്കും രണ്ടു ദിവസം മുതല്‍ ഒരു മാസം വരെ നീണ്ടു നില്ക്കുന്ന എക്കിള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ നീണ്ടു നില്ക്കുകയാണെങ്കില് അത് അത്ര നിസ്സാരമായി കാണാവുന്ന ഒന്നല്ല. എക്കിളിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ഡയഫ്രത്തിന്റെ പെട്ടെന്നുള്ള സങ്കോചത്തിന്റെ ഭാഗമായാണ് എക്കിള്‍ രൂപപ്പെടുന്നത്. ഇത് ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനമാണ്, അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിയ്ക്കുന്ന സമയത്ത് സംഭവിയ്ക്കുകയും സ്വയം നിയന്ത്രിയ്ക്കാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. കുറച്ചു നേരത്തേയ്ക്ക് നിശ്ചിത ഇടവേളകളില്‍ അത് സംഭാവിച്ചുകൊണ്ടേ ഇരിയ്ക്കും. പ്രത്യേക ശബ്ദത്തോട് കൂടിയുണ്ടാകുന്ന എക്കിള്‍ ശ്വാസ തടസ്സത്തിന് കാരണമാകുകയും ചെയ്യും. അസഹനീയമായ രീതിയില്‍ എക്കിള്‍ വരികയാണെങ്കില്‍ അത് ചികിത്സിയ്ക്കുക തന്നെ വേണം.
എക്കിളിന് പിന്നിലെ കാരണങ്ങള്‍
ശരീരം പ്രകടിപ്പിയ്ക്കുന്ന ഓരോ ലക്ഷണങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും. എക്കിള്‍ ഉണ്ടാകാനും പല കാരണങ്ങളുണ്ട്.
1.ഭക്ഷണം വായില്‍ വെച്ചുകൊണ്ട് സംസാരിയ്ക്കാന്‍ ശ്രമിക്കുന്നത്
2.കടുത്ത മാനസിക സമ്മര്‍ദ്ദം
3.കാര്‍ബണേറ്റ് പാനീയങ്ങളുടെ ഉപയോഗം അമിതമാകുന്നത്
4.വളരെ വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നത്
5.എന്തെങ്കിലും കാരണത്താല്‍ ഭയം തോന്നുന്നത്
6.കൂടുതല്‍ അളവില്‍ മദ്യം കഴിയ്ക്കുന്നത്
ഇവയെല്ലാമാണ് എക്കിളിന് പിന്നില്‍ സാധാരണമായി കണ്ടു വരുന്ന ചില കാരണങ്ങള്‍. ഇത്തരം സാധാരണ കാരണങ്ങള്‍ മൂലമുണ്ടാകുന്ന എക്കിള്‍ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകളുണ്ട്.
എക്കിൾ മാറാനുള്ള ചില പൊടികൈകൾ
1.വെള്ളം കുടിയ്ക്കുക: പണ്ട് മുതലേ കേട്ടു പരിചയിച്ച ഒരു മാര്‍ഗമാണ് എക്കിള്‍ വരുമ്പോള്‍ വെള്ളം കുടിയ്ക്കുക എന്നത്. ചില സമയത്തെല്ലാം ഒരു കവിള് വെള്ളം കൊണ്ട് എക്കിള്‍ മാറുന്നതും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും അല്പം വെള്ളം കൊണ്ട് എക്കിള്‍ മാറാന്‍ സാധ്യതയില്ല. അതിനാല്‍ മറ്റ് ചില എളുപ്പ വഴികള്‍ പരീക്ഷിക്കേണ്ടി വരും.
2.ഒരു സ്പൂണ്‍ പഞ്ചസാര: എക്കിള്‍ നില്ക്കുന്നില്ലെങ്കില് ഒരു സ്പൂണ്‍ പഞ്ചസാര വായിലിടുക, അടുത്ത മിനിറ്റുകള്‍ക്കുള്ളില്‍ എക്കിള്‍ പൂര്‍ണമായും മാറും.
3.ശ്വാസം നിയന്ത്രിയ്ക്കാം: എക്കിള്‍ മാറാനുള്ള മറ്റൊരു വഴിയാണ് ശ്വാസം പിടിച്ചു വെച്ച് അല്പ സമയത്തിന് ശേഷം പതുക്കെ ശ്വാസം പുറത്ത് വിടുന്നത്. പല തവണ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ എക്കിള്‍ ഇല്ലാതാക്കാം.
4.കണ്ണുകള്‍ക്ക് മുകളില്‍ തടവാം: കണ്ണുകള്‍ പതുക്കെ അടച്ച് കണ്പോളകള്ക്ക് മുകളില്‍ മൃദുവായി തടവുന്നത് എക്കിള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതും അല്പ സമയം തുടര്‍ച്ചയായി ചെയ്യണം.
5.തേനും നെയ്യും: അടുക്കളയില്‍ എല്ലായ്പ്പോഴും ലഭ്യമാകുന്ന തേനും നെയ്യും ചേര്‍ത്ത് കഴിയ്ക്കുന്നത് എക്കിള്‍ പ്രശ്നത്തിന് പരിഹാരമാണ്.
6.നെയ്യും കായപ്പൊടിയും: നെയ്യും കായപ്പൊടിയും ചേര്‍ത്ത് കഴിയ്ക്കുന്നത് എക്കിള്‍ പരിഹരിയ്ക്കും.
7.നെയ്യും ഇന്തുപ്പും: നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് ഇന്തുപ്പ്. മാത്രമല്ല, സാധാരണ ഉപ്പിന്റെ ദോഷവഷങ്ങളും ഇന്തുപ്പിനില്ല. അര ടീ സ്പൂണ്‍ ഇന്തുപ്പ് നെയ്യില്‍ കലര്‍ത്തി കഴിയ്ക്കുന്നത് എക്കിള്‍ ഇല്ലാതാക്കും.
ശരീരത്തെ ബാധിച്ച മറ്റ് പല അസുഖങ്ങളുടെയും മുന്നറിയിപ്പ് കൂടിയാണ് എക്കിള്‍. അതിനാൽ ദിവസങ്ങളോളം എക്കിള്‍ നീണ്ടു നില്ക്കുന്ന സന്ദർഭങ്ങളിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.