Nammude Arogyam
Covid-19

യഥാർത്ഥത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത്‌ ഇങ്ങനെയാണ്

ലേഖകൻ :ഡോ. രാകേഷ് പി.എസ്

ലോകാരോഗ്യ സംഘടനാ ഉപദേഷ്ടാവ്

കൊറോണ വൈറസ് രോഗം മഹാമാരിയായി ലോകം കീഴടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന ആയുധമാണ് ‘സാമൂഹിക അകലം’ അഥവാ ‘സോഷ്യൽ ഡിസ്റ്റൻസിംഗ്’. സാമൂഹിക അകലം എന്നത് ‘സാമൂഹ്യ സമ്പർക്ക വിലക്ക്’ എന്ന രീതിയിൽ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.  അതുകൊണ്ട് തന്നെ സാമൂഹികഅകലം എന്ന ആശയം നാം എല്ലാവരും കൃത്യമായി മനസ്സിലാക്കേണ്ടതായും, അത് പാലിക്കേണ്ടതാമുയുണ്ട്. സാമൂഹിക അകലം സംബന്ധിച്ച ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും പരിശോധിക്കാം.

എന്തിനാണ് സാമൂഹിക അകലം പാലിക്കുന്നത് ?

കൊറോണ വൈറസ് രോഗം പെട്ടെന്ന് പടരുന്ന രോഗമാണ്. ഒരു രോഗബാധിതനിൽ നിന്ന് നിരവധി പേർക്ക് രോഗപ്പകർച്ച ഉണ്ടാകാം എന്നാണ് കണക്കുകൾ കാണിക്കുന്നത്. നിപ്പയ്ക്ക് ഇത് വെറും 0.5 ശതമാനം മാത്രമായിരുന്നു. വൈറസിന്റെ പ്രത്യേകതകളോടൊപ്പം രോഗപകർച്ചയും സമൂഹ വ്യാപനവും നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ വേറെയുമുണ്ട്‌. അതിൽ പ്രധാനം ആളുകൾ തമ്മിൽ എത്ര തവണ സമ്പർക്കം പുലർത്തുന്നു എന്നതും ഓരോ സമ്പർക്കവും എത്ര നേരം നീണ്ടു നിൽക്കുന്നു എന്നതുമാണ്. ‘സാമൂഹിക അകലം’ കൃത്യമായി പാലിച്ചാൽ വൈറസിന്റെ വ്യാപനം തടയാനോ അല്ലെങ്കിൽ താമസിപ്പിക്കാനോ സാധിക്കും.

ആരാണ് സാമൂഹിക അകലം പാലിക്കേണ്ടത് ?

സമൂഹത്തിലെ എല്ലാ പൗരന്മാരും ഇത് പാലിക്കണം.

എങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടത് ?

കഴിയുന്നത്ര ആളുകളുമായുള്ള അടുത്ത സമ്പർക്കം സമൂഹത്തിൽ കുറയ്ക്കുക എന്നത് തന്നെയാണ് ഇതിന്റെ ആശയം.അനാവശ്യ യാത്രകൾ ഒഴിവാക്കുക, അനാവശ്യ  ഒത്തുചേരലുകൾ ഒഴിവാക്കുക, അനാവശ്യ പൊതുസ്ഥല സന്ദർശനങ്ങൾ ഒഴിവാക്കുക എന്നതാണ് കാതൽ. ആവശ്യമുള്ളത് ഒന്നും ഒഴിവാക്കേണ്ടതില്ല.

ഈ സമയത്ത് വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നാണോ?

ഒരിക്കലും അല്ല. അനാവശ്യമായ കാര്യങ്ങളും മാറ്റിവയ്ക്കാവുന്ന കാര്യങ്ങളും ഒഴിവാക്കണം എന്നു മാത്രം. നമ്മുടെ ജീവിതരീതികൾ കുറച്ച് നാളത്തേക്ക് ഒന്നു പുനഃക്രമീകരിക്കണം എന്ന് പറയുന്നതാവും നല്ലത്. എല്ലാ ആഴ്ചകളിലും കടയിൽ പോയിരുന്നത് മാസത്തിൽ ഒന്നാക്കാൻ കഴിയുമോ? ആഴ്ചയിൽ മൂന്നു ദിവസം കടയിൽ പോയിരുന്നത് ആഴ്ചയിൽ ഒന്നാക്കാൻ കഴിയുമോ? ഒരുപാട് ദൂരെയുള്ള കടയിൽ ഇടയ്ക്കിടെ പോകുന്നതിനു പകരം തൊട്ടടുത്തുള്ള കടയിൽ പോകാൻ കഴിയുമോ? ഇതെല്ലാം നമ്മളാൽ കഴിയുംവിധം പുനഃക്രമീകരിക്കണം എന്ന് മാത്രം. വാങ്ങുന്ന സാധനങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോൾ സമൂഹ സമ്പർക്കം താൽക്കാലികമായി കുറയും.

ഹോട്ടലുകളിൽ പോകാൻ സാധിക്കുമോ?

ഒരു അവശ്യ കാര്യങ്ങളും വേണ്ടെന്നു വയ്‌ക്കേണ്ടതില്ല. പക്ഷെഒരുപാട് തിരക്കുള്ള ഹോട്ടലുകൾക്ക് പകരം വീടിനടുത്തുള്ള തിരക്കൊഴിഞ്ഞ ഹോട്ടലിൽ പോകാം. അല്ലെങ്കിൽ പാഴ്‌സൽ വാങ്ങി വീട്ടിൽ പോയി കഴിക്കാം. അതുമല്ലെങ്കിൽ ഓൺലൈനായി ഓർഡർ ചെയ്തു കഴിക്കാം. ഹോട്ടലുകളിൽ തന്നെ 1 മീറ്റർ അകലത്തിൽ ടേബിളുകൾ ക്രമീകരിക്കാം.

വ്യായാമം ചെയ്യുവാൻ കഴിയുമോ?

തീർച്ചയായും ചെയ്യണം. ജിം ഉപയോഗിക്കുന്നതിനുപകരം വീടിനടുത്ത് നടക്കാനോ ഓടാനോ പോകാം, സൈക്കിൾ ചവിട്ടാം, വീട്ടിനകത്ത് തന്നെ വ്യായാമംചെയ്യാം. വ്യായാമ രീതികൾ പുനഃക്രമീകരിക്കണം എന്ന് മാത്രം.

ഓഫീസ് അവധി നൽകപ്പെട്ടില്ല. അത് പ്രശ്‌നമാകില്ലേ?

അത്യാവശ്യമുള്ള ഒരു കാര്യങ്ങൾക്കും തടസ്സമില്ല. ജോലി ചെയ്യുക തന്നെ വേണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (Work from home) സിസ്റ്റമാണ് ഏറെ നല്ലത്. മീറ്റിംഗുകളും പരിശീലനങ്ങളും ഓൺലൈൻ ആക്കാം. ഉച്ചഭക്ഷണ സമയത്ത് എല്ലാവരും ഒരുമിച്ച് ഒത്തു കൂടുന്നതിന് പകരം പല ഷിഫ്റ്റുകൾ ആക്കാം.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കാമോ?

അവശ്യമുള്ള യാത്രകൾക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്ന് മാത്രം. കുട്ടികൾ വീടിനു പുറത്തിറങ്ങി കളിക്കാമോ?കുട്ടികൾ വീടിനു പുറത്തിറങ്ങി കളിക്കുന്നതിൽ തെറ്റില്ല. ഒരുപാട് കുട്ടികൾ ഒരുമിച്ച് വേണ്ടഎന്ന് മാത്രം. നമ്മുടെ വീട്ടിലെ കുട്ടികളും അപ്പുറത്തെ വീട്ടിലെ കുട്ടികളും കൂടി 3-4 കുട്ടികൾ ചേർന്ന് കളിക്കട്ടെ.വലിയ പാർക്കുകൾ ഒഴിവാക്കാം. വീടിനടുത്തുള്ള ചെറിയ പാർക്കുകളിൽ തിരക്കൊഴിഞ്ഞ സമയം പോകാം. അനാവശ്യ വിനോദയാത്രകൾ ഒഴിവാക്കാം.

സാമൂഹിക അകലം പാലിച്ചാൽ മറ്റ് മുൻകരുതലുകൾ വേണ്ട എന്നാണോ?

അല്ല, ഇതോടൊപ്പം കൈകൾ കഴുകുക എന്ന ശീലവും രോഗമുള്ളവരുടെ അടുത്ത് അനാവശ്യ സമ്പർക്കം ഒഴിവാക്കുക എന്നതും നമുക്ക് ശ്വാസകോശ രോഗലക്ഷണമുണ്ടെങ്കിൽ വീടിനുള്ളിൽ കഴിയുക എന്നതും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ തോർത്തോ ഉപയോഗിച്ച് വായ് മൂടുക എന്നതും കൃത്യമായി പാലിക്കപ്പെടണം. വീടിനുള്ളിൽ പ്രവേശിച്ച ഉടനെയും മറ്റ് സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഇടയ്ക്കിടയ്ക്കും കൈ കഴുകുന്നത് ശീലമാകണം.

രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ‘സാമൂഹികഅകലം’ പാലിച്ചാൽ പോരെ?

പോര. ഇത് സമൂഹത്തിലെ ഓരോ പൗരനും പാലിക്കണം. അങ്ങനെ ആണെങ്കിൽ മാത്രമേ വൈറസ് വ്യാപനം തടയാനാകൂ.

സാമൂഹിക അകലം പാലിക്കുമ്പോൾ ബന്ധങ്ങളിൽ വിള്ളലുണ്ടാകില്ലെ?

അത് ഉണ്ടാകാതെ ബോധപൂർവ്വം ശ്രമിക്കണം.കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഫോൺ, വീഡിയോ കോൾ തുടങ്ങിയവയിലൂടെ നിരന്തര സമ്പർക്കംതുടരണം, പ്രത്യേകിച്ച് പ്രായമായ ആളുകളുമായി.

Related posts