Nammude Arogyam
Covid-19General

പുകവലിയും കോവിഡും

എല്ലാ വര്‍ഷവും മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നു. പുകയില ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനം കൊണ്ടാടുന്നത്. ഈ വര്‍ഷത്തെ സന്ദേശം ‘വിജയിയാകാന്‍ പുകയില ഉപേക്ഷിക്കുക’ എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 1.3 ബില്യണ്‍ പുകവലിക്കാരുണ്ടെന്നാണ് പറയുന്നത്. പുകവലിയുടെ നേരിട്ടുള്ള ഫലമായി ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ക്ക് വര്‍ഷാവര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നു. കോവിഡ് മഹാമാരിക്കിടയിലാണ് ഈ വർഷത്തെ പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത് എന്നാല്‍, ഈ മഹാമാരിക്കാലത്ത് പുകവലി കോവിഡിന് കാരണമാകുമോ എന്ന് പലര്‍ക്കും സംശയമുണ്ടാകാം.

പുകവലി ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതിലൂടെ കോവിഡ് അപകടസാധ്യത ഉയര്‍ത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് വൈറസ് പ്രധാനമായും പിടികൂടുന്നത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ശരീരത്തിന് വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

പുകവലിക്കാരില്‍ മാസ്റ്റ് സെല്ലുകള്‍, മാക്രോഫേജുകള്‍ എന്നിവ പോലുള്ളവ ശരീരത്തിലെ മോശം രോഗപ്രതിരോധ സംവിധാനങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പുകവലി സെല്ലുലാര്‍ (ടി സെല്ലുകള്‍, ബി സെല്ലുകള്‍), ഹ്യൂമറല്‍ സര്‍ക്കുലേറ്റിംഗ് ആന്റിബോഡികള്‍ എന്നിവയുടെ രൂപത്തില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ രൂപീകരണം മന്ദഗതിയിലാക്കുന്നു.

പുകവലിക്കാര്‍ക്ക് കോവിഡ് കഠിനമായി പിടിപെടാനും ഉയര്‍ന്ന മരണനിരക്കിനുമുള്ള 50 ശതമാനം വരെ അപകടസാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പുകയില ഉപയോഗം നാല് പ്രധാന സാംക്രമികേതര രോഗങ്ങള്‍ക്ക് ഒരു പ്രധാന അപകട ഘടകമാണ്. ഹൃദയ രോഗങ്ങള്‍, ക്യാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശരോഗം, പ്രമേഹം എന്നിവയാണ് അവ.

ഈ രോഗങ്ങള്‍ക്ക് പുറമെ പുകവലി മോണയെ ബാധിക്കുകയും, മോണയുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍, പുകവലിക്കാര്‍ ഒരു കൗണ്‍സിലറെയോ, മാനസികാരോഗ്യ വിദഗ്ധനെയോ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. കാരണം പുകവലി എന്ന ശീലം ഉപേക്ഷിക്കാന്‍ ചിലപ്പോള്‍ കൗണ്‍സിലിംഗ് സഹായിക്കും. സൈക്കോ കൗണ്‍സിലിംഗ്, മെഡിസിനല്‍ തെറാപ്പി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ചികിത്സ ലഭ്യമാണ്.

പുകവലി ശീലം നിര്‍ത്തുന്നതിനായി മനസില്‍ ടാര്‍ഗെറ്റുകള്‍ സൂക്ഷിക്കുക. ആരംഭത്തില്‍, ഇത് ഒരാഴ്ചയോ പത്ത് ദിവസമോ ആയി പുകവലിക്കാതിരിക്കുക. അതിനുശേഷം ഒന്നോ രണ്ടോ സിഗററ്റ് വേണമെങ്കില്‍ ഉപയോഗിക്കാം. കാലക്രമേണ ഇത് ഒരു മാസമോ അതിലധികമോ ആയി വര്‍ദ്ധിപ്പിക്കുക. അങ്ങനെ ഒരു സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ഘട്ടം ഘട്ടമായി പുകവലി കുറച്ചുകൊണ്ടുവരിക.

ഒരു ദിവസം കൊണ്ട് പുകവലി ഉപേക്ഷിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ സ്വയം പുകവലി ഉപേക്ഷിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയാലും പലപ്പോഴും പുകവലിക്കാനുള്ള പ്രവണതയുണ്ടാകും. അത്തരം ഘട്ടത്തില്‍, വിപണിയില്‍ ലഭ്യമായ ആന്റി-നിക്കോട്ടിന്‍ ച്യൂയിംഗ് ഗം ഉപയോഗിക്കാവുന്നതാണ്.

പുകവലി ഉപേക്ഷിക്കണമെന്നുണ്ടെങ്കില്‍ സ്വയം ഒരു ആരോഗ്യ അവബോധം വളര്‍ത്തിയെടുക്കുക. ആകര്‍ഷകമായ ശാരീരികക്ഷമത നേടുക അല്ലെങ്കില്‍ അതിനുള്ള വഴികള്‍ തേടുക എന്ന ചിന്തയെല്ലാം മനസില്‍ വളര്‍ത്തുക. കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനായി പുകവലി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. ഇത് ആരുടേയും ഉത്തരവാദിത്തമല്ല, മറിച്ച് നമ്മുടേത് മാത്രമാണെന്ന് മനസിലാക്കുക.

Related posts