Nammude Arogyam
General

പല്ലിന്റെ ആരോഗ്യമെന്നാൽ കേവലം വെളുത്തു തിളങ്ങുന്ന പല്ലുകൾ മാത്രമാണോ?

മാരകമായ വൈറസ് അണുബാധയുടെ കടന്നുവരവോടു കൂടി നമ്മുടെയെല്ലാം ജീവിതശൈലിയിലും ശുചിത്വ ശീലങ്ങളിലുമൊക്കെ ഒരുപാട് മാറ്റങ്ങളും മുൻകരുതലുകളുമാക്കെ വന്നു ചേർന്നിട്ടുണ്ട് എന്നത് വാസ്തവം തന്നെ. നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും പ്രത്യേകം ശ്രദ്ധയോടെ ചെയ്യുമ്പോഴും സ്വയം പരിചരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും നമ്മളിൽ പലരും അവഗണിക്കുന്നതും മറന്നു പോകുന്നതുമായ ഒന്നുണ്ട്. അത് ദന്തശുചിത്വത്തെ കുറിച്ചാണ്. ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർ പലരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ വലിയ ശ്രദ്ധ നൽകാറില്ല എന്നതാണ് യാഥാർത്ഥ്യം.

പല്ലിന്റെ ആരോഗ്യമെന്നാൽ കേവലം വെളുത്തു തിളങ്ങുന്ന പല്ലുകളാണെന്ന് ചിന്തിക്കുന്ന ഗണത്തിൽ ഉൾപ്പെടുന്നു കൂടുതൽ പേരും. അതുകൊണ്ടുതന്നെ ദന്തരോഗങ്ങളെല്ലാം ഇന്ന് ഒരു ജീവിതശൈലി രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മാറിയ ഭക്ഷണശീലങ്ങളും ദന്തശുചിത്വത്തിലെ ശ്രദ്ധക്കുറവുമെല്ലാം പലവിധ ദന്ത രോഗങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നതാണ്. ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കുന്നതിൽ തുടങ്ങി ദന്തശുചിത്വം ശീലമാക്കുന്നതിനായി ശീലമാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഈ ആഗോള രോഗവ്യാപനത്തിൻ്റെ സമയത്ത് ദന്ത ശുചിത്വത്തിൻ്റെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളെ പറ്റിയറിയാം.

1.ടൂത്ത് ബ്രഷുകൾ ഇടയ്ക്കിടെ മാറ്റണം

ദന്ത ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ടൂത്ത് ബ്രഷുകളുടെ ഉപയോഗം. സാധാരണ ഗതിയിൽ കുറഞ്ഞത് ഓരോ മൂന്നു മാസത്തിനിടയിലും ടൂത്ത് ബ്രഷുകൾ മാറ്റിസ്ഥാപിക്കേണ്ടത് പ്രധാനമാണ്. കാരണം, ഒരേ ടൂത്ത് ബ്രഷുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നത് ധാരാളം ബാക്ടീരിയകളെ ആകർഷിക്കാനും അവയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സാധ്യതയുണ്ട്. ടൂത്ത് ബ്രഷുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നത് വഴി പല്ലുകളെ കൂടുതൽ വൃത്തിയാക്കാനും ബാക്ടീരിയകളെ കഴിവതും അകറ്റി നിർത്താനും സാധിക്കും.

2.ബ്രഷ് സൂക്ഷിക്കുമ്പോൾ

ദന്ത ശുചിത്വ ഉൽപ്പന്നങ്ങളെല്ലാം പ്രത്യേകം ശ്രദ്ധയോടെ സൂക്ഷിക്കാം. മികച്ച മോണ ആരോഗ്യത്തിനായി ഉപയോഗിക്കുന്ന ദന്ത ശുചിത്വ ഉൽപ്പന്നങ്ങളെല്ലാം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ തവണയും പല്ല് ബ്രഷ് ചെയ്ത ശേഷം, ടൂത്ത് ബ്രഷ് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കുകയും വരണ്ടതാകാൻ അനുവദിക്കുകയും ചെയ്യണം. എല്ലായ്പ്പോഴും ബ്രഷുകളെ മൂടിവയ്ക്കാനായി ബ്രിസ്റ്റൽ ഗാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. കൂടാതെ, അണുക്കൾ പടരുന്നത് തടയാനായി വസ്തുക്കൾ മാറ്റാരുമായും പങ്കിടുന്നില്ലെന്ന് ഉറപ്പാക്കുക. ടൂത്ത് പേസ്റ്റുകൾ ഓരോരുത്തരും പ്രത്യേകം പ്രത്യേകമായി ഉപയോഗിക്കുക. പല്ലുകൾ വൃത്തിക്കാനായി ഫ്ലോസുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഇതും പ്രത്യേകം ശ്രദ്ധയോടെ സൂക്ഷിക്കുക.

3.ഭക്ഷണങ്ങൾ

കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ശ്രദ്ധിക്കുക. നാവിന് രുചി പകരുന്ന ഒരുപാട് ഭക്ഷണങ്ങൾ എല്ലായ്പ്പോഴും കഴിച്ചു കൊണ്ടിരിക്കാൻ ഇഷ്ടമുള്ളവരായിരിക്കും എല്ലാവരും തന്നെ. പല്ലുകളെ കൂടുതൽ കാലം ആരോഗ്യത്തോടെ നിലനിർത്തണമെങ്കിൽ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങൾ പല്ലുകളിലും മോണകൾക്കു കീഴിലും വേദനയും വീക്കവുമൊക്കെ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുക.

4.സെൻസിറ്റീവ് പല്ലുകൾക്ക് സുരക്ഷ

മിഠായികളും ക്രഞ്ചിയായ ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. പല്ലിനും മോണയ്ക്കുമെല്ലാം പതിവിലും കൂടുതൽ സമ്മർദ്ദം ചെലുത്താൻ കാരണമാകുന്ന ഏത് തരം ഭക്ഷണങ്ങളും കഴിവതും ഇപ്പോൾ ഒഴിവാക്കണം. പ്രത്യേകിച്ചും സെൻസിറ്റിവായ പല്ലുകൾ ഉണ്ടെങ്കിൽ. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോഴെല്ലാം അസഹനീയമായ വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പല്ലിന് ബലക്കുറവ് ഉണ്ടെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്ന സാഹചര്യങ്ങളിൽ പല്ല് പൊട്ടുന്നതിനോ വിള്ളൽ വീഴുന്നതിനോ ഒക്കെ സാധ്യതയുണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ഐസ്ക്രീമുകളും സോഡകളും പോലുള്ള പാനീയങ്ങളെല്ലാം ഉൾപ്പെടുന്ന തണുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

5.ടംഗ് സ്ക്രാപ്പിങ്ങ് ശീലമാക്കുക

നാക്ക് വടിക്കുന്ന ശീലം നമ്മളെല്ലാവരും തന്നെ പുരാതനമായി ശീലമാക്കിയ സമ്പ്രദായങ്ങളിൽ ഒന്നാണെന്ന് പറയാം. മൂർച്ചയുള്ള ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ ഉപയോഗിച്ച് നാവിന്റെ മുകൾഭാഗം ചുരണ്ടുന്നത് വഴി നാവിനെ കൂടുതൽ ശുചിത്വമുള്ളതാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നു. നാവിൻ്റെ ഈ ഭാഗത്ത് അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ പലപ്പോഴും പല്ലിലെ ക്യാവിറ്റികൾക്ക് കാരണമാകുന്ന പ്രധാന പ്രശ്മാണ്. വായിൽ നിന്ന് അണുക്കളെ നീക്കം ചെയ്യാനും വായ്നാറ്റം കുറയ്ക്കാനുമെല്ലാം ഈ പരിശീലനം വളരെയധികം മികച്ചതാണെന്ന് പറയപ്പെടുന്നു.

മികച്ച ദന്തശുചിത്വം ശീലമാക്കുന്നത് സ്വയം പരിചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശമാണ് എന്നറിയുക. പല്ലുകളും മോണയും നാവുമടങ്ങുന്ന വായയുടെ ആരോഗ്യത്തെ ശരിയായ രീതിയിൽ സംരക്ഷിക്കുന്നത് വഴി പല ദന്തരോഗങ്ങളെയും അകറ്റി നിർത്താനാവും. ആറ് മാസത്തിലൊരിക്കലെങ്കിലും ഒരു പല്ല് രോഗവിദഗ്ധൻ്റെ സഹായം തേടുന്നതും നല്ലതാണ്.

Related posts