ഷാനു മോൻ്റെ പിറന്നാൾ ആണ് 2 ദിവസം കഴിഞ്ഞാൽ.
അള്ളാ……. ഒരു വയസ്സായില്ലേ അവൻക്ക് ? എത്ര പെട്ടെന്നാ ദിവസങ്ങൾ കടന്ന്പോയത്.
അതെയതെ , എന്തായാലും ഷാനു മോൻക്ക് എന്തെങ്കിലും സമ്മാനം വാങ്ങി കൊടുക്കണം.
ഒരു വയസ്സായിട്ടും അവൻ നടത്തം തുടങ്ങീട്ടില്ലല്ലോ , നമുക്കൊരു ബേബി വാക്കർ വാങ്ങിച്ച് കൊടുത്താലോ ?
ഏയ് അതൊന്നും വാങ്ങിക്കേണ്ട. കുട്ടി അതിൽ നിന്ന് എവിടെങ്കിലും പോയി വീഴും. വീണുകഴിഞ്ഞിട്ട് പിന്നെ നെഞ്ചത്തടിച്ചിട്ട് കാര്യമുണ്ടാകില്ല.
ഇത് പോലെ ചിന്തിക്കുന്നവർ നമുക്കിടയിൽ കുറവാണ്. ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ട കളിപ്പാട്ടങ്ങളെല്ലാം വാങ്ങി കൊടുത്തായിരിക്കും അധികം മാതാപിതാക്കൾക്കും ശീലം. പക്ഷെ നമ്മൾ വാങ്ങി കൊടുക്കുന്ന ഓരോന്നിനെക്കുറിച്ചും നന്നായി അറിഞ്ഞിട്ടാകണം വാങ്ങി കൊടുക്കേണ്ടത്. ഇല്ലെങ്കിൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കാം.
ഒരു ശിശുവിന്റെ വളർച്ചയുടെ പ്രധാന ഘട്ടങ്ങളിലൊന്നാണ് അവൻ അല്ലെങ്കിൽ അവൾ പിച്ചവച്ചു നടക്കുന്നത്. കമിഴ്ന്നു വീഴുക, മുട്ടിലിഴയുക തുടങ്ങിയ പരിപാടികൾക്കുശേഷമുള്ള പിച്ചുവച്ചു നടക്കൽ മാതാപിതാക്കളും കുടുംബാംഗങ്ങളും സന്തോഷത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഒന്നാണ്. ഈ പിച്ചവയ്ക്കലിന് കൈത്താങ്ങേകാൻ ആധുനിക സമൂഹം വ്യാപകമായി ഉപയോഗിച്ചുവരുന്ന ഉപകരണങ്ങളെ സംബന്ധിച്ച് ലോകവ്യാപകമായി ഇപ്പോൾ ആശങ്കകൾ ഉയരുകയാണ്. ഈ ഉപകരണങ്ങൾ കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുകയല്ല, മറിച്ച് അതിനെ വൈകിപ്പിക്കാനും ചിലപ്പോൾ മുറിവുകളുണ്ടാക്കാനും കാരണമാകുകയും ചെയ്‌തേക്കാമെന്ന് പഠനങ്ങൾ പറയുന്നു. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് “ബേബി വാക്കർ.”
ബേബി വാക്കറുകള്‍ വില്ലന്മാര്‍
കുട്ടികളുടെ അസ്ഥികളുടെ മൃദുത്വം അവയുടെ രൂപപ്പെടലിനെ സഹായിക്കുന്നതിനുള്ളതാണെന്നും അതിലുള്ള അനാവശ്യ ഇടപെടലുകൾ അസ്ഥികളുടെ രൂപമാറ്റത്തിനും വളവിനുമൊക്കെ കാരണമായേക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച് ശിശുക്കളുടെ അസ്ഥികള്‍ തരുണാസ്ഥികള്‍ക്ക് സമാനമാണ്. ഇത് പ്രായമേറുന്തോറുമാണ് ഉറപ്പുള്ള അസ്ഥികളായി മാറുന്നത്. മുട്ടുകളുടെ സന്ധിക്കു ചുറ്റുമുള്ള വളര്‍ച്ചയാണ് കുട്ടികളുടെ ഉയരം വര്‍ധിപ്പിക്കുന്നത്. ശിശുക്കളില്‍ ഇത് വളരെ ദുര്‍ബലമായ ഒന്നായിരിക്കും. ഭാരം കൂടുതലുള്ള ശിശുക്കള്‍ വേച്ചുവീഴുന്നതും കുനിഞ്ഞുപോകുന്നതും ഇതുമൂലമാണ്. ദുര്‍ബലമായ അസ്ഥികളില്‍ അമിത ഭാരവും സമ്മര്‍ദ്ദവും ഏല്‍പിക്കുന്നത് അതുകൊണ്ടുതന്നെ പ്രോല്‍സാഹിപ്പിക്കാനാകുന്ന കാര്യമല്ല.
അസ്ഥികളും പേശികളും സന്ധികളും പാകമാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ സ്വയം എഴുന്നേറ്റു നില്‍ക്കുന്നത്. അവയുടെ ആരോഗ്യവും വളര്‍ച്ചയും തിരിച്ചറിയാനുള്ള മാര്‍ഗം കൂടിയാണത്. ഒരു പൂമ്പാറ്റ വളര്‍ച്ചയെത്തുമ്പോള്‍ സ്വയം പ്യൂപ്പ പൊട്ടിച്ച് പുറത്തുവരുന്നതുപോലെയാണതെന്ന് ഡോ. ഹനീഷ് ബാബു പറയുന്നു. കുട്ടികളെ അതിന് അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.
ബേബി വാക്കറുകൾ കുട്ടികളിൽ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്.
വാക്കറുകളും ജംപറുകളും ഉപയോഗിക്കുമ്പോൾ കുട്ടികൾ തങ്ങളുടെ പെരുവിരലിൽ കുത്തി ഉയർന്നു നിൽക്കേണ്ടി വരാറുണ്ട്. ഇതുമൂലം ശിശുക്കളുടെ ശൈശവാവസ്ഥയിലുള്ള പേശികൾ മുറുകാനും അത് അവരുടെ നടക്കാനുള്ള കഴിവിനെ ബാധിക്കാനും കാരണമാകും. ചില സംഭവങ്ങളിൽ ഇത് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിൽസകൾ ആവശ്യമാകുന്ന ഘട്ടത്തിലേക്കു വരെ മാറിയേക്കാമെന്ന് ഡോ. സ്പുരിയർ പറയുന്നു.
വാക്കറുകൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ ഉരുണ്ടുവീഴാനും പടിക്കെട്ടുകളിൽ നിന്ന് താഴേക്കു പതിക്കാനുമൊക്കെ കാരണമാകും. വാക്കറുകൾ ഉപയോഗിക്കുന്ന കുട്ടികൾ അവരുടെ ശ്രദ്ധയിൽപെടാതെ വച്ചിരിക്കുന്ന സാധനങ്ങൾക്ക് അടുത്തെത്താനും അവ കൈകാര്യം ചെയ്യുന്നതിലൂടെ അപകടങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ജംപറുകളിൽ ഇരിക്കുന്ന കുട്ടികളെ മറ്റു കുട്ടികൾ തള്ളി വിടുമ്പോഴോ ഭിത്തികൾക്കോ വസ്തുക്കൾക്കോ ഇടയിൽ തട്ടി മടങ്ങുമ്പോഴോ അതിലെ ചങ്ങലയ്ക്കിടയിൽ വിരലുകൾ കുടുങ്ങിയായിരിക്കും മുറിവുകൾ ഉണ്ടാകുക.
കുട്ടികൾ വേഗത്തിൽ വളരാനും വികസിക്കാനുമായി വാക്കറുകളും ജംപറുകളും ഉപകാരപ്പെടുമെന്നാണ് മിക്ക രക്ഷിതാക്കളും കരുതുന്നതെങ്കിലും സംഭവിക്കുന്നത് നേരേ തിരിച്ചാണെന്ന് ആസ്‌ട്രേലിയൻ ഫിസിയോ തെറാപ്പി അസോസിയേഷൻ പ്രസിഡന്റ് ഫിൽ കാൽവർട്ട് പറയുന്നു. ഈ ഉപകരണങ്ങളിലെ പ്ലാസ്റ്റർ കാസ്റ്റ് (പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള ബാൻഡേജ്) ആണ് ശിശുക്കളുടെ പേശികളെ മുറുക്കുന്നത്.
ശിശുക്കളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായത് സാധാരണ തറകൾ തന്നെയാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. കമിഴ്ന്നു വീഴാനും ഇഴഞ്ഞുനടക്കാനും എഴുന്നേറ്റ് ഇരിക്കാനുമൊക്കെ സ്വാഭാവികമായ തറകൾ തന്നെയാണ് നല്ലത്. അതുകൊണ്ട് കുഞ്ഞുങ്ങൾ വേഗം പിച്ചവയ്ക്കുന്നതു കാണാൻ വാക്കറുകളും ജംപറുകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർ അതിനുമുൻപ് ഒന്നാലോചിക്കുക.