കോവിഡ് വാക്സിൻ കണ്ടെത്തുന്നത് വരെ നമ്മൾ സ്വയം സംരക്ഷിച്ചേ തീരൂ. സ്വയം സംരക്ഷണത്തിൻ്റെ ഭാഗമായി ലോക് ഡൗണും , സാമൂഹിക അകലവും, മാസ്ക്കുമൊക്കെ കൊണ്ട് വന്നു. ഈ നിയമങ്ങളൊക്കെ കൊണ്ട് വന്നത് കൊറോണക്കെതിരെ ഒരു സംരക്ഷണം എന്ന നിലയിലാണ്, അല്ലാതെ തീരെ പുറത്തേക്ക് ഇറങ്ങണ്ട എന്നല്ല അതിനർത്ഥം. കൊറോണ വന്നതിന് ശേഷം പലർക്കും പുറത്തിറങ്ങാൻ തന്നെ ഭയമാണ്, പ്രത്യേകിച്ച് ആശുപത്രി പോലോത്ത സ്ഥലങ്ങളിലേക്ക് പോകാൻ, രോഗത്തേയും അണുബാധയെയും ഭയക്കുന്നത് കൊണ്ടാണിത്. ഇത് പലപ്പോഴും ധാരാളം ജീവന്‍ അപകടത്തിലാക്കിയിട്ടും ഉണ്ട്. ഈ സമയത്ത് ആശുപത്രി സന്ദര്‍ശിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് പല രോഗികളും ഇപ്പോഴും ഭയപ്പെടുന്നു.
ഇതിന് ഒരു പരിഹാരം എന്ന നിലക്ക് കോവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്കുള്ള അടിസ്ഥാന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഡോക്ടറുമായുള്ള കൂടിക്കാഴ്ചകള്‍
പുറത്തു പോകുന്നതിന് മുമ്പ് ഡോക്ടറുമായി മുന്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നത് ഉറപ്പാക്കുക. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടിക്കാഴ്ചകള്‍ ഓണ്‍ലൈനിലോ ഫോണിലോ ബുക്ക് ചെയ്യണമോ എന്ന് പരിശോധിക്കാന്‍ ആശുപത്രിയെ വിളിക്കുക.
സുരക്ഷാ ഉപകരണങ്ങള്‍
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം, ആല്‍ക്കഹോള്‍ നിശ്ചിത അളവില്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍, കയ്യുറകള്‍, എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണം. സ്വന്തം കുപ്പി വെള്ളം വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നതാണ് നല്ലത്. അത് മാത്രമല്ല ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമുള്ള ഒരാളെ മാത്രം കൂടെ കൂട്ടുക.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍
ചുമ, ജലദോഷം എന്നിവ അനുഭവപ്പെടുന്നവര്‍ വീടിനുള്ളില്‍ തന്നെ തുടരേണ്ടതാണ്. ഗര്‍ഭിണികളായ സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും ആശുപത്രി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് സ്വന്തം വാഹനമുണ്ടെങ്കില്‍ പരമാവധി അതിൽ തന്നെ പോകാൻ ശ്രമിക്കുക. പുറത്ത് നിന്നുള്ള വാഹനം ആണെങ്കിൽ അതിൽ തന്നെ പോയി വരാൻ ശ്രമിക്കുക.
ഉപരിതലത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍
ഏതെങ്കിലും ഉപരിതലത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ കൈകള്‍ സാനിറ്റൈസ് ചെയ്തിരുന്നു എന്ന് ഉറപ്പാക്കുക, പുറത്ത് പോവുന്ന സമയത്ത് എല്ലായ്‌പ്പോഴും മുഖം, കണ്ണുകള്‍ അല്ലെങ്കില്‍ വായില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. പണം പൈസയായിട്ട് കൊടുക്കുന്നതിന് പകരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താൻ ശ്രമിക്കുക. ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍, ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരുമായിട്ട് കുറഞ്ഞത് രണ്ടടി സ്ഥലം ഉറപ്പാക്കുക എന്നതാണ്.
ആശുപത്രിയില്‍ എത്തുമ്പോള്‍
ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളുണ്ടെങ്കിലും, രോഗബാധിതരുമായി ബന്ധപ്പെടാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്, സാമൂഹിക അകലവും സുരക്ഷയും പരിശീലിക്കുന്നതാണ് നല്ലത്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികള്‍ ധാരാളം ശുചിത്വ രീതികള്‍ പാലിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്യുന്ന പ്രോട്ടോക്കോളുകള്‍ ശ്രദ്ധിക്കുക. സമയം പാഴാക്കാതിരിക്കുന്നതിനും ആശുപത്രിയില്‍ കൂടുതല്‍ സമയം ചിലവഴിക്കാതിരിക്കുന്നതിനും ആവശ്യമായ എല്ലാ ആരോഗ്യ രേഖകളും റിപ്പോര്‍ട്ടുകളും കൃത്യമായി എടുത്ത് വെക്കുക.
ചോദ്യങ്ങള്‍ എഴുതി വെക്കുക
ഡോക്ടറുമായി പങ്കിടേണ്ട എല്ലാ വിശദാംശങ്ങളും അനിശ്ചിതത്വമോ, ആശയക്കുഴപ്പമോ ഒഴിവാക്കാന്‍ വേണ്ടി ആദ്യമേ എഴുതി വെക്കുക. കൃത്യമായ രോഗനിര്‍ണയത്തിന് വേണ്ടി നമ്മുടെ രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എഴുതി വെക്കുക. പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, പതിവ് ഒപിയിലേക്ക് പോകുന്നതിനു പകരം ഡോക്ടറോട് ചോദിച്ച് മാത്രം കൃത്യമായ പരിശോധനക്ക് സമയം കണ്ടെത്തുക.
വീട്ടിലെത്തിയാല്‍ ശ്രദ്ധിക്കേണ്ടത്
1.വീട്ടിലെത്തിക്കഴിഞ്ഞാല്‍, വാതില്‍ക്കല്‍ നിന്ന് ഷൂസ് ഊരി വെക്കാന്‍ ശ്രദ്ധിക്കണം.
2.സ്പര്‍ശിച്ച ഏതെങ്കിലും ഡോര്‍ ക്‌നോബുകളോ ഉപരിതലങ്ങളോ അണുവിമുക്തമാക്കുക.
3.മാസ്‌ക് സുരക്ഷിതമായി നീക്കംചെയ്യുക,
4.ചെറുചൂടുള്ള വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് വസ്ത്രങ്ങള്‍ കഴുകുക.
5.സോപ്പ് ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ കുളിച്ച് നന്നായി ശരീരം അണുവിമുക്തമാക്കുക.
വൈറസിനെ ഭയപ്പെടാതെ ആശുപത്രികളില്‍ പരിമിതമായ സന്ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കുക. ഒരുനാൾ ഈ മഹാമാരിലെ അതിജീവിക്കാനാകും എന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം.