നമുക്ക് നമ്മുടെ ശരീരത്തില്‍ നിയന്ത്രിയ്ക്കാന്‍ പറ്റാത്ത പ്രക്രിയകള്‍ പലതുമുണ്ട്. ഇതിലൊന്നാണ് തുമ്മല്‍. ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണിത്. നാം ശ്രമിച്ചാലും പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒന്നാണിത്. എന്നാല്‍ പലര്‍ക്കും ഇതിനൊപ്പം ഒരു പ്രശ്‌നം കൂടിയുണ്ടാകും, അറിയാതെ മൂത്രം പോകുന്ന അവസ്ഥ, തുമ്മുമ്പോഴും ഇതു പോലെ ചുമയ്ക്കുമ്പോഴുമെല്ലാം അറിയാതെ മൂത്രം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നാണക്കേടോര്‍ത്ത് പലരും ഇത് രഹസ്യമായി വയ്ക്കുകയും ചെയ്യും. ഇതെന്താണാവോ ഇങ്ങനെ വരുന്നതെന്ന ചിന്തയുമുണ്ടാകും. പൊതുവേ സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. സ്‌ട്രെസ് യൂറിനറി കോണ്ടിസെന്‍സ് എന്ന അവസ്ഥയാണിത്.
വയറ്റിലുണ്ടാകുന്ന മര്‍ദം കാരണം സംഭവിയ്ക്കുന്ന ഒന്നാണിത്. മൂത്രം പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ മര്‍ദത്തിനേക്കാള്‍ കൂടുതല്‍ ആകുമ്പോള്‍ സ്വാഭാവികമായും ലീക്കുണ്ടാകുന്നു. ചുമ, തുമ്മല്‍, ചിരി, കുനിയുക, സാധനങ്ങള്‍ എടുത്തുയര്‍ത്തുക, ചാടുക എന്നിവയെല്ലാം തന്നെ സ്‌ട്രെസ് യൂറിനറി കോണ്ടിസെന്‍സ് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അല്‍പം, ചിലപ്പോള്‍ ഏതാനും തുള്ളി മൂത്രം മാത്രമേ പോകുന്നുള്ളൂ. ഇതിനാല്‍ തന്നെ പലരും ഇത് വലിയ കാര്യമായി എടുക്കുകയുമില്ല.
പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇതു കൂടുതല്‍ കണ്ടു വരുന്നത്. 19-44 വയസു പ്രായമുള്ള 13 ശതമാനം സ്ത്രീകളിലും ഇത് കണ്ടു വരുന്നതായി പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു. 45-64 പ്രായത്തിലെ 22 ശതമാനം സ്ത്രീകള്‍ക്കും ഇതുണ്ടാകുന്നുണ്ട്. ഗര്‍ഭവും പ്രസവവുമെല്ലാം പല സ്ത്രീകളിലും സ്‌ട്രെസ് യൂറിനറി കോണ്ടിസെന്‍സ് എന്ന അവസ്ഥയുണ്ടാക്കും. സിസേറിയനേക്കാള്‍ സാധാരണ രീതിയില്‍ പ്രസവിച്ചവര്‍ക്ക് ഇത്തരം അവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണ്.
പുകവലി, പെല്‍വിക് സര്‍ജറി, മലബന്ധം, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിയ്ക്കുന്നത്, ചില മെഡിക്കല്‍ കണ്ടീഷനുകള്‍, ഇടുപ്പു വേദന, പെല്‍വിക് ഓര്‍ഗനുകള്‍ക്ക് തകരാറ് എന്നിവയെല്ലാം തന്നെ ഇത്തരം അവസ്ഥയുണ്ടാകാനുള്ള കാരണമാണ്. ഇതിന് പരിഹാരവുമുണ്ട്. പെല്‍വിക് പ്രദേശം ശക്തിപ്പെടുത്തുകയെന്നതാണ് പ്രധാനപ്പെട്ട ഒന്ന്. പെല്‍വിക് ഫ്‌ളോര്‍ തെറാപ്പി എന്ന ഒന്നുണ്ട്. ഇതിന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സാധിയ്ക്കും. പല സ്ഥലങ്ങളിലും പ്രസവ, ഗര്‍ഭാകാലത്തോട് അനുബന്ധിച്ച് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാറുമുണ്ട്.
നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങളുണ്ട്. ഇതില്‍ ഏറ്റവും സിംപിളായത് മൂത്രമൊഴിയ്ക്കുമ്പോഴും മറ്റും പെട്ടെന്ന് പിടിച്ചു നിര്‍ത്തുക, പിന്നീട് വീണ്ടും ഒഴിയ്ക്കുക എന്നതാണ്. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് ഒരു പരിധ വരെ ഗുണംനല്‍കും. മസിലുകള്‍ ടൈറ്റാകാന്‍ ഇത് സഹായിക്കും. ഇതു പോലെ മൂത്രമൊഴിക്കാതെ ഏറെ നേരം പിടിച്ചു വയ്ക്കാതിരിയ്ക്കുക. കാപ്പി പോലുളളവ കുറയ്ക്കുക. സ്‌ട്രെസ് യൂറിനറി കോണ്ടിസെന്‍സ് ഗുരുതരമായ പ്രശ്‌നമായി തോന്നുന്നുവെങ്കില്‍ മെഡിക്കല്‍ സഹായം തേടേണ്ടതാണ്.