കൊറോണ വൈറസ് ഭീതി എല്ലാവരിലും ദിവസം ചെല്ലുന്തോറും കൂടി കൊണ്ടിരിക്കുകയാണ്.ഇതുവരെയും അതിനെതിരെ ഒരു ഫലപ്രദമായ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നത് തന്നെയാണ് ഈ ഭീതിക്ക് പിന്നിലെ പ്രധാന കാരണവും. അതിവേഗത്തിലാണ് കൊറോണ വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. രോഗം ബാധിച്ച ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൈറസ് അടങ്ങിയ സ്രവ തുള്ളികള്‍ വായുവിലേക്ക് പടരുന്നു. ഈ തുള്ളികളില്‍ ശ്വസിക്കുന്നതിലൂടെ വൈറസ് മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കപ്പെടുന്നു. ഇതു കൂടാതെ, വൈറസ് ഉള്ള ഒരു ഉപരിതലത്തിലോ വസ്തുവിലോ സ്പര്‍ശിക്കുകയും തുടര്‍ന്ന് വായ, മൂക്ക് അല്ലെങ്കില്‍ കണ്ണുകളില്‍ സ്പര്‍ശിക്കുകയോ ചെയ്യുന്നത് വഴി നമ്മളിലേക്ക് വൈറസ് ബാധ പിടിപെടുന്നു.
ഓരോ പ്രതലത്തിലും വൈറസ് എത്രനേരം നിലനില്‍ക്കും എന്നതു സംബന്ധിച്ച് മുന്‍പു തന്നെ ചില കണക്കുകൂട്ടലുകള്‍ വിദഗ്ധര്‍ നടത്തിയിരുന്നു. കൊറോണ വൈറസിന് കൗണ്ടര്‍ടോപ്പുകള്‍, ഡോര്‍ നോബുകള്‍ എന്നിവപോലുള്ള പ്രതലങ്ങളില്‍ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ ജീവിക്കാന്‍ കഴിയുമെന്നു വിലയിരുത്തിയിരുന്നു. ഇത് എത്രത്തോളം നിലനില്‍ക്കുന്നു എന്നത് ഉപരിതലം നിര്‍മ്മിച്ച മെറ്റീരിയലിനെ ആശ്രയിച്ചിരിക്കുമെന്നും പഠനങ്ങളിൽ പറഞ്ഞിരുന്നു. വൈറസ് നിലനില്‍ക്കുന്നത് സംബന്ധിച്ച് ഏറ്റവും പുതിയവിവരം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ബാങ്ക് നോട്ടുകള്‍, മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ കൊറോണ വൈറസ് ഒരു മാസത്തോളം നിലനില്‍ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (CSIRO) ഗവേഷകര്‍, ഓസ്‌ട്രേലിയയിലെ ദേശീയ സയന്‍സ് ഏജന്‍സി എന്നിവരാണ് ഇത്തരം ഉപരിതലത്തില്‍ 28 ദിവസം വരെ വൈറസിന് നിലനില്‍ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ഇത് നിലവില്‍ സാധ്യമായതിനേക്കാള്‍ കൂടുതല്‍ കാലം വൈറസ് പകര്‍ച്ചവ്യാധിയായി തുടരാമെന്ന് സംബന്ധിച്ച സൂചനയാണെന്നും ഇവര്‍ വിലയിരുത്തുന്നു.
ഇരുട്ടുള്ള മുറികളില്‍ നടത്തിയ പഠനത്തിലാണ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍, ഗ്‌ളാസ്, പ്ലാസ്റ്റിക്ക്, ബാങ്് നോട്ടുകള്‍ എന്നിവയിലാണ് ഇത്രയധികം ദിവസം കൊവിഡ് വൈറസിന് നിലനില്‍ക്കാനാകുമെന്ന് കണ്ടെത്തിയത്. കോവിഡ് വൈറസ് തണുത്ത താപനിലയില്‍ അതിജീവിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
40 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് കോട്ടണില്‍ 16 മണിക്കൂറില്‍ താഴെയും ഗ്ലാസ്, സ്റ്റീല്‍, പേപ്പര്‍, വിനൈല്‍ എന്നിവയില്‍ 24-48 മണിക്കൂര്‍ വരെയും നിലനില്‍ക്കാന്‍ കഴിയുമെന്നും ഗവേഷണത്തിൽ കണ്ടെത്തി. അത്പോലെ തന്നെ 20 ഡിഗ്രി സെല്‍ഷ്യസില്‍, ബാങ്ക് നോട്ടുകള്‍ ഉള്‍പ്പെടെ സുഗമമായ പ്രതലങ്ങളില്‍ 28 ദിവസത്തേക്ക് വൈറസിന് അതിജീവിക്കാന്‍ കഴിയുമെന്നും ഗവേഷണത്തിൽ കണ്ടെത്തി.
കൊറോണ വൈറസ് വായുവില്‍ മൂന്ന് മണിക്കൂറിലധികം പകര്‍ച്ചവ്യാധിയായി തുടരുമെന്ന് അടുത്തിടെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡോര്‍ നോബുകള്‍, ആഭരണങ്ങള്‍ എന്നിവയില്‍ 5 ദിവസം, മരം കൊണ്ടുള്ള പ്രതലത്തില്‍ 4 ദിവസം, പ്ലാസ്റ്റിക് വസ്തുക്കളില്‍ 2 മുതല്‍ 3 ദിവസം, സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ 2 മുതല്‍ 3 ദിവസം, ഹാര്‍ഡ്‌ബോര്‍ഡില്‍ 24 മണിക്കൂര്‍, ചെമ്പ് പ്രതലത്തില്‍ 4 മണിക്കൂര്‍, അലുമിനിയം പ്രതലത്തില്‍ 2 മുതല്‍ 8 മണിക്കൂര്‍, ഗ്ലാസ് പ്രതലത്തില്‍ 5 ദിവസം, സെറാമിക്‌സ് പ്രതലത്തില്‍ 5 ദിവസം എന്നിങ്ങനെ വൈറസ് നിലനില്‍ക്കാമെന്ന് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു പഠനത്തില്‍ നിരീക്ഷിച്ചിരുന്നു.
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ
കൊറോണ വൈറസ് പിടിപെടുന്നതിനോ വ്യാപിക്കുന്നതിനോ ഉള്ള സാധ്യത കുറയ്ക്കുന്നതിന്, നമ്മുടെ വീട്ടിലും ഓഫീസിലും എല്ലാ ദിവസവും പതിവായി സ്പര്‍ശിക്കുന്ന ഉപരിതലങ്ങളും വസ്തുക്കളും വൃത്തിയാക്കി അണുവിമുക്തമാക്കുക.
കൗണ്ടര്‍ ടോപ്പുകള്‍, ടേബിളുകള്‍, ഡോര്‍ നോബുകള്‍, ബാത്ത്‌റൂം ഫര്‍ണിച്ചറുകള്‍, മൊബൈല്‍ ഫോണ്‍, കീബോര്‍ഡുകള്‍ എന്നിവ ക്ലീനിംഗ് സ്‌പ്രേ ഉപയോഗിച്ച് വൃത്തിയാക്കുക.
ഉപരിതലങ്ങള്‍ വൃത്തിഹീനമാണെങ്കില്‍, ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക, തുടര്‍ന്ന് അണുവിമുക്തമാക്കുക.
ഫലപ്രദമായ ഒരു വാക്സിന് വരുന്നത് വരെ നാം കൊറോണ വൈറസിനെതിരെ മുൻകരുതലുകൾ എടുത്തേ മതിയാകൂ