Nammude Arogyam
General

തൈറോയ്ഡ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടതെന്തൊക്കെ

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ സാധാരണയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് കാരണമാകുന്നത്. ഇതിനാല്‍ തന്നെ സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അധികം വരുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ഇത് അപകടം തന്നെയാണ്. ആവശ്യത്തിന് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാത്ത അവസ്ഥ ഹൈപ്പോതൈറോയ്‌ഡെന്ന് അറിയപ്പെടുന്നു. കൂടുതല്‍ ഹോര്‍മോണെങ്കില്‍ ഇത് ഹൈപ്പര്‍ തൈറോയ്ഡും. ഇതു രണ്ടും ആരോഗ്യത്തിന് ദോഷം തന്നെയാണ്. ഇതിനായി സ്ഥിരം ഗുളികകള്‍ കഴിയ്‌ക്കേണ്ടി വരാറുമുണ്ട്. എന്നാല്‍ തൈറോയ്ഡ് ഗുളികകള്‍ വേണ്ട ഗുണം നല്‍കാന്‍ വേണ്ടി ഇത് കഴിയ്ക്കുമ്പോള്‍ ചെയ്യേണ്ടതും, അല്ലാത്തതുമായി ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രധാനമായും തൈറോയ്ഡ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൃത്യ ഡോസ് കണക്കാക്കി വേണം, കഴിയ്ക്കുവാന്‍. കഴിച്ചാല്‍ ഇത് ഉടന്‍ തന്നെ ഫലം തരുമെന്ന് കരുതരുത്. അല്‍പ കാലം കഴിഞ്ഞാല്‍ മാത്രമേ ഇത് ഗുണം നല്‍കൂ. ഇടയ്ക്ക് തൈറോയ്ഡ് നിയന്ത്രണത്തില്‍ വന്നാല്‍ ഇത് നിര്‍ത്തുന്നവരുമുണ്ട്. ഇത് അരുത്. ഇവ സ്ഥിരമായി കഴിയ്ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ ഇടയില്‍ നിര്‍ത്തരുത്. തൈറോയ്ഡ് നിയന്ത്രണത്തില്‍ വന്നാലും ഇത് സ്ഥിരം കഴിയ്ക്കുക തന്നെ വേണം. ഇവ നിര്‍ത്തിയാല്‍ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തൈറോയ്ഡ് നിയന്ത്രണം വിട്ടു പോകും.

മറ്റ് വൈറ്റമിനുകള്‍ കഴിയ്ക്കുന്നവരെങ്കില്‍ ഇത് തൈറോയ്ഡ് മരുന്നിനൊപ്പം കഴിയ്ക്കരുത്. പ്രത്യേകിച്ചും അയേണ്‍, കാല്‍സ്യം എന്നിവ ഇതു കഴിച്ച് ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രം കഴിയ്ക്കുക. തൈറോയ്ഡ് മരുന്നുകള്‍ക്കൊപ്പം ഇവ കൂടി കഴിച്ചാല്‍ തൈറോയ്ഡിന്റെ ഗുണം പൂര്‍ണമായും ശരീരത്തിന് ലഭിയ്ക്കില്ല. ഹൈപ്പോതൈറോയ്ഡ് പെട്ടെന്നു കുറയാന്‍ വേണ്ടി കൂടുതല്‍ അയൊഡിന്‍ കഴിയ്ക്കുകയുമരുത്. ഇത് ദോഷം വരുത്തും.

മരുന്ന് നല്ലതുപോലെ വെള്ളം കുടിച്ചു കഴിയ്ക്കുക. ഇത് വായില്‍ വച്ചോ തൊണ്ടയില്‍ വച്ചോ അലിഞ്ഞു പോയാല്‍ ഇതിന്റെ ഗുണം ലഭിയ്ക്കില്ല. ഇത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നാല്‍ മാത്രമേ ഇതിന്റെ പൂര്‍ണമായ ഗുണം ശരീരത്തിന് ലഭിയ്ക്കുകയുള്ളൂ. ഇത് ദിവസവും ഒരേ സമയം തന്നെ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. രാവിലെ വെറും വയററിലാണ് കഴിയ്‌ക്കേണ്ടത്. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ മറ്റെന്തെങ്കിലും കഴിയ്ക്കുകയോ ചായ പോലുളള പാനീയങ്ങള്‍ കുടിയ്ക്കുകയോ ആകാവൂ. ശരീരത്തിലേയ്ക്ക് ഈ മരുന്നിന്റെ മുഴുവന്‍ ഗുണം ലഭിയ്ക്കാന്‍ ഇത് പ്രധാനമാണ്.

തൈറോയ്ഡ് മരുന്ന് കൂടുതല്‍ അളവില്‍ കഴിയ്ക്കരുത്. ഇത് ഹൃദയ പ്രശ്‌നങ്ങളുണ്ടാക്കും. ടെസ്റ്റുകള്‍ നടത്തി ഡോക്ടറെ കണ്ട് കൃത്യമായ ഡോസ് നിര്‍ണയിക്കുക. ഇത് മൂന്നു മാസം കൂടുമ്പോള്‍ ടെസ്റ്റ് ചെയ്യണം. അതിന്റെ ഫലം അനുസരിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡോസില്‍ വ്യത്യാസം വരുത്താം. ഗര്‍ഭകാലത്തും ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ ഈ മരുന്ന് കഴിയ്ക്കുക. കഴിവതും ഗര്‍ഭിണിയാകും മുന്‍പു തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിയ്ക്കണം. കാരണം അമ്മയുടെ തൈറോയ്ഡ് വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ കുഞ്ഞിനെ ബാധിയ്ക്കാന്‍ സാധ്യത ഏറെയാണ്.

തൈറോയിഡുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടിയതിന് ശേഷം കൃത്യമായ അളവിൽ മരുന്ന് കഴിക്കുക. എന്നാൽ മാത്രമേ തൈറോയ്ഡിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ.

Related posts