Nammude Arogyam
Covid-19

കോവിഡ് ബാധിതനായിരുന്ന വ്യക്തി എത്രകാലം കഴിഞ്ഞാണ് വാക്‌സിനെടുക്കേണ്ടത്?

നിലവില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണ് നമ്മുടെ രാജ്യം. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശരീരവേദന തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ പലരും അഭിമുഖീകരിക്കുന്നുണ്ട്. പല രോഗികള്‍ക്കും ഓക്‌സിജന്‍ തെറാപ്പിയും ആശുപത്രി വാസവും ആവശ്യമായി വരുന്നു. ഈ ഒരു സാഹചര്യത്തിൽ കോവിഡിനോട് പോരാടാനുള്ള ഏറ്റവും നല്ല മാര്‍ഗം വാക്‌സിന്‍ എടുത്ത് അണുബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുക എന്നത് മാത്രമാണ്.

അതിന്റെ ഭാഗമെന്നോണം കോവിഡ് വാക്‌സിന്‍ വിതരണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. കോവാക്‌സിനും കോവിഷീല്‍ഡുമാണ് നിലവില്‍ രാജ്യത്തെ മിക്ക ആളുകള്‍ക്കും നല്‍കുന്നത്. എന്നാല്‍, വാക്‌സിന്‍ വിതരണം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങളും പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. കോവിഡ് -19 വാക്സിനുകളുടെ പരിമിതിയാണ് വിതരണം മന്ദഗതിയിലാകാന്‍ കാരണമായി പറയുന്നത്. രാജ്യമെമ്പാടുമുള്ള പലര്‍ക്കും വാക്‌സിനെടുക്കാന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല.

ഇന്ത്യയിലെ വാക്‌സിനേഷന്‍ വ്യവസ്ഥിതി കണക്കുകള്‍ പ്രകാരം 17.7 കോടിയിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ വിതരണം ചെയ്തതായി പറയുന്നു. ഇതില്‍ 3.9 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസ് അടക്കം ലഭിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന അസ്ട്രാസെനെക്കയുടെ വാക്‌സിനായ കോവിഷീല്‍ഡ്, ഭാരത് ബയോടെക് ലിമിറ്റഡ് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍ എന്നിവയാണ് വിതരണത്തിനുള്ളത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.ജി.സി.ഐ) പ്രാരംഭ അനുമതിയനുസരിച്ച്, കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് ആദ്യത്തേത് നല്‍കി 4-6 ആഴ്ചകള്‍ക്കകം നല്‍കണം. കോവാക്‌സിന്‍ ആണെങ്കില്‍ ആദ്യഡോസ് ലഭിച്ച് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കണമെന്നാണ്. ഈ ഇടവേള പിന്നീട് കോവിഷീല്‍ഡിന് 4-8 ആഴ്ചയായും കോവാക്‌സിന്‍ 4-6 ആഴ്ചയായും നീട്ടി. യുകെയിലെ ഒരു പഠനം മുന്‍ നിര്‍ത്തി മേയ് 13ന് കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 6 മുതല്‍ 12 ആഴ്ച വരെയായാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കോവിഡ് ബാധിച്ച ശേഷം വാക്‌സിനെടുക്കാന്‍ ആറുമാസമെങ്കിലും കാത്തിരിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ടെങ്കിലും 2-3 മാസം കാത്തിരിപ്പ് കാലയളവ് മതിയെന്ന് ഇന്ത്യൻ ഡോക്ടർമാർ പറയുന്നു. കോവിഡ് ബാധിച്ചാല്‍ ഒരാള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ 90 ദിവസം കാത്തിരിക്കണമെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) നിര്‍ദ്ദേശിക്കുന്നു. വൈറസ് ബാധിച്ചാല്‍, പ്രതിരോധശേഷി ഏതാനും മാസങ്ങള്‍ വരെ ശരീരത്തില്‍ നിലനില്‍ക്കുമെന്നും, വാക്‌സിന്‍ എടുക്കാന്‍ സുഖം പ്രാപിച്ച് 6-8 ആഴ്ച വരെ കാത്തിരിക്കുന്നത് ഉചിതമാണെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് വൈറസ് ബാധിച്ചാല്‍ പിന്നീടങ്ങോട്ട് 80% സംരക്ഷണമുണ്ടാകുമെന്ന് യു.കെയില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. അണുബാധയ്ക്ക് ശേഷം ആറുമാസം വരെ വാക്‌സിനേഷന്‍ വൈകിക്കുന്നത് നല്ലതാണ്. കാരണം, അത്രയും കാലം വരെ ശരീരത്തില്‍ പ്രകൃതിദത്ത ആന്റിബോഡികള്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്.

ആദ്യത്തെ ഡോസ് എടുത്തതിനുശേഷം കോവിഡ് ബാധിച്ചാല്‍ രണ്ടാമത്തെ ഡോഡ് എട്ട് ആഴ്ചകള്‍ക്കകം എടുക്കാം. അണുബാധയ്ക്ക് ശേഷം ശരീരം ആന്റിബോഡികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു, ഇത് ഒരു വാക്‌സിന്‍ ലഭിക്കുന്നതിന് സമാനമാണ്. എന്നിരുന്നാലും രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കാത്തിരിക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

രണ്ട് ഡോസ് വാക്‌സിനിടയില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയാണെങ്കില്‍ അണുബാധ മിതമായത് മാത്രമാകാം. ഇത് വാക്‌സിനുശേഷം എപ്പോള്‍ കോവിഡ് ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആദ്യ ഡോസ് സ്വീകരിച്ച് ഒന്ന് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വൈറസ് ബാധിച്ചാല്‍ വാക്‌സിന്‍ ഫലമുണ്ടാക്കാന്‍ സാധ്യതയില്ല. ആര്‍ജ്ജിത പ്രതിരോധത്തെയും വാക്‌സിന്‍ പ്രേരിത പ്രതിരോധശേഷിയെക്കുറിച്ചും ശാസ്ത്രജ്ഞര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സിഡിസി പറയുന്നതനുസരിച്ച്, വാക്‌സിനേഷനു ശേഷം ശരീരത്തിന് സംരക്ഷണം നല്‍കാന്‍ സാധാരണയായി രണ്ടാഴ്ച എടുക്കും, ഇക്കാലയളവില്‍ ശ്രദ്ധയില്ലെങ്കില്‍ പെട്ടെന്ന് രോഗബാധിതരാകാന്‍ സാധ്യതയുണ്ട്.

രണ്ടാമത്തെ ഡോസ് വൈകിയാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാല്‍ ഇത് അനിശ്ചിതമായി നീട്ടിവെക്കരുത്. കോവാക്‌സിനെ സംബന്ധിച്ചിടത്തോളം, ആദ്യ ഡോസ് മുതല്‍ 45 ദിവസം വരെ ഗ്യാപ്പ് ഇടാം. കോവിഷീല്‍ഡിനെ സംബന്ധിച്ചിടത്തോളം, ആദ്യ ഡോസിന് മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, രണ്ട് ഡോസുകള്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ നല്‍കിയാല്‍ കോവിഷീല്‍ഡിന് 81.3% ഫലപ്രാപ്തി ഉണ്ടെന്നാണ്. എന്നാല്‍ 6 ആഴ്ചയില്‍ താഴെ മാത്രം ഇടവേളയില്‍ നല്‍കുമ്പോള്‍ 55.1% മാത്രമായിരിക്കും ഫലപ്രാപ്തിയെന്നും പഠനം പറയുന്നു.

സാധാരണയായി ഒരു ഡോസ് വാക്‌സിന്‍ ഉപയോഗിച്ചാല്‍ തന്നെ ചെറിയ സംരക്ഷണം ലഭിക്കും. എന്നാല്‍, ആളുകള്‍ക്ക് 80% പരിരക്ഷ ലഭിക്കാന്‍ രണ്ട് ഡോസുകളും ആവശ്യമാണ്. ഏതാനും ആഴ്ചകള്‍ കാത്തിരുന്നാലും രണ്ടാമത്തെ ഡോസ് തീര്‍ച്ചയായും എടുക്കുക. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചില സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കോവാക്‌സിന്‍ മൂന്നാമത്തെ ഡോസ് നല്‍കാന്‍ ഡി.ജി.സി.ഐ അടുത്തിടെ ഭാരത് ബയോടെക്കിന് അനുമതി നല്‍കി. ഇപ്പോള്‍ കോവിഡ് ബാധിച്ചശേഷം ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നും നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്.

Related posts