ഉമമാ…..അവിടെ മുട്ട പുഴുങ്ങി വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരെണ്ണം ഉപ്പാക്ക് ചായക്കൊപ്പം കൊടുത്തോളുട്ടോ.
ഷുഗർ ഉള്ള ആൾക്ക് എങ്ങനെയാടി മുട്ട കൊടുക്കാൻ പറ്റുക? മുട്ട കഴിച്ചിട്ട് ഇനി കൂടിയാലോ? കൂടിയാൽ പിന്നെ അന്നത്തെപ്പോലെ ഇൻസുലിൻ അടിക്കേണ്ടി വരില്ലേ? തത്ക്കാലം ഇത് ഇവിടെ തന്നെ ഇരുന്നോട്ടെ. കുട്ടികൾക്ക് കൊടുത്താൽ മതി.
ഷുഗർ ഉള്ളവർക്കും ഒരു മുട്ടയൊക്കെ കഴിക്കാം ഉമ്മാ. ഒരു കുഴപ്പവും വരില്ല, നിങ്ങളിത് ഉപ്പാക്ക് തന്നെ കൊടുത്തോളു. കുട്ടികൾക്ക് അതിൽ വേറെയും ഉണ്ടല്ലോ.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് മാത്രമല്ല തകരാറിലാക്കുന്നത് ശരീരത്തിലെ മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ സാരമായി ബാധിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും പ്രമേഹരോഗികള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് വളരെ പ്രധാനമാണ്.
പ്രമേഹമുള്ളവര്‍ക്ക് മുട്ട മികച്ചത്
പ്രമേഹമുള്ളവര്‍ക്ക് പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നു. മുട്ട കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ്. ഇവയില്‍ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നവയാണ്. മുട്ടയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നു മാത്രം.
ഒരു വലിയ മുട്ടയില്‍ ഏകദേശം അര ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ടൈപ്പ് 2 പ്രമേഹത്തിനും പ്രീഡയബറ്റിക്‌സ് രോഗികള്‍ക്കും ആഴ്ചയില്‍ 12 മുട്ടകള്‍ വരെ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രമേഹമുള്ളവര്‍ അവരുടെ ഡയറ്റില്‍ മുട്ടകള്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ശരീരത്തിലെ എല്‍.ഡി.എല്‍ (മോശം), എച്ച്.ഡി.എല്‍ (നല്ല) കൊളസ്‌ട്രോള്‍ എന്നിവയുടെ സന്തുലിതാവസ്ഥയെ പ്രമേഹം ബാധിക്കും. പ്രീ ഡയബറ്റിസ് അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പതിവായി മുട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നുവെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. പ്രതിദിനം ഒരു മുട്ട കഴിക്കുന്നത് ഒരു വ്യക്തിയുടെ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മുട്ടയില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്, ഇത് മാനസികാവസ്ഥയും മെമ്മറിയും വര്‍ദ്ധിപ്പിക്കും. മുട്ട ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഒരു വ്യക്തിയെ ഏറെ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. ഇത് പ്രമേഹമുള്ളവരില്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും.
കുറഞ്ഞ പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് പ്രമേഹരോഗികള്‍ക്ക് പ്രധാനം. അതിനുപുറമെ, പ്രമേഹരോഗികള്‍ ചെറിയ അളവില്‍ നിശ്ചിത സമയം ഇടവിട്ടുള്ള ഭക്ഷണക്രമവും പിന്തുടരണം. പ്രത്യേകിച്ചും അവര്‍ പ്രമേഹ മരുന്ന് കഴിക്കുമ്പോള്‍.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും വ്യായാമം വളരെ പ്രധാനമാണ്. ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനും ചെറുക്കുന്നതിനുമായുള്ള ചില വ്യായാമങ്ങളാണ് യോഗ, ഓട്ടം, ജോഗിങ്, എയ്‌റോബിക് വ്യായാമങ്ങള്‍ തുടങ്ങിയവ.
ഭക്ഷണ നിയന്ത്രണവും, വ്യായാമവുമൊക്കെ തുടർന്നാലും മാസത്തിലൊരിക്കൽ പ്രമേഹത്തിൻ്റെ അളവ് നോക്കുന്നത് നല്ലതാണ്.