Nammude Arogyam
General

സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയാണോ?

തൊട്ടു കൂടായ്മ, തീണ്ടി കൂടായ്മയെല്ലാം പണ്ടുകാലത്ത് ഉയർന്ന ജാതിക്കാരുടെയും, താഴ്ന്ന ജാതിക്കാരുടെയും ഇടയിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു. ഇക്കാലത്ത് ഈ രീതി നിലവിലില്ലെങ്കിലും കൂടി സൊറിയാസിസ് രോഗികളോട് ചിലരെങ്കിലും ഈ സമ്പ്രദായ രീതിയിൽ പെരുമാറാറുണ്ട്. ആദ്യം തന്നെ പറയട്ടെ, സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല. ചര്‍മ്മത്തിലെ കോശങ്ങള്‍ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതില്‍ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങള്‍. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങള്‍ 28 മുതല്‍ 30 ദിവസം കൊണ്ട് ചര്‍മ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചര്‍മ്മപ്രതലത്തില്‍ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയില്ല. സോറിയാസിസില്‍ ആകട്ടെ ഇതെല്ലാം ദ്രുതഗതിയില്‍ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങള്‍ ചര്‍മ്മപ്രതലത്തില്‍ എത്തി കുന്നുകൂടുന്നു. ഇത് വെള്ളി നിറത്തിലുള്ള വേഗത്തില്‍ ഇളകുന്ന ശല്‍കങ്ങളായി കാണാന്‍ സാധിക്കുന്നു.

ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്

1.ജനിതക ഘടകങ്ങള്‍- ഒരാള്‍ക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാധ്യത മാതാപിതാക്കളില്‍ ആര്‍ക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാള്‍ക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേര്‍ക്കും രോഗമുണ്ടെങ്കില്‍ 65 ശതമാനവുമാണ്. പാരമ്പര്യമായി രോഗം കണ്ടു വരുന്നവരില്‍ രോഗാരംഭം നേരത്തെ ആകുവാനും, രോഗം, രോഗം കൂടുതല്‍ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.

2.പരിസ്ഥിതി സംബന്ധമായ ഘടകങ്ങള്‍

3.അണുബാധ

4.ടോണ്‌സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ

5.മരുന്നുകള്‍- വേദനസംഹാരികള്‍, മലേറിയക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള ചിലയിനം മരുന്നുകള്‍, ലിതിയം.

6.മാനസിക സംഘര്‍ഷം-80% രോഗികളില്‍ മാനസികസമ്മര്‍ദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതില്‍ 20% പേര്‍ മാനസികസംഘര്‍ഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.

7.പരിക്കുകള്‍/ക്ഷതം

8.പുകവലി.

9.മദ്യപാനം

10.സൂര്യപ്രകാശം– സൂര്യരശ്മികള്‍ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളില്‍ ഇതു രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകാം. ഇങ്ങനെയുള്ളവരില്‍ സൂര്യരശ്മികളും അള്‍ട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാന്‍ പാടുള്ളതല്ല.

11.രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ (immunological response) വരുന്ന വ്യതിയാനം-ജനിതകമായ ഘടകങ്ങള്‍ അനൂകൂലമായ ഒരു വ്യക്തി മേല്‍പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇതു മൂലം ചര്‍മ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകല്‍ മന്ദീഭവിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ചര്‍മ്മപ്രതലത്തില്‍ കോശങ്ങള്‍ അടിഞ്ഞു കൂടി ശല്കങ്ങള്‍ രൂപപ്പെടുന്നു ഒപ്പം ശ്വേത രക്താണുക്കള്‍ (പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും) ചര്‍മ്മത്തിലെത്തി തടിച്ച പാടുകള്‍ ഉണ്ടാകുന്നു. ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ വികസിക്കുന്നത് തടിപ്പുകള്‍ക്കു ചുവന്ന നിറം നല്‍കുന്നു.

ലക്ഷണങ്ങള്‍

ചൊറിയുക എന്ന അര്‍ഥമുള്ള psora (സോറാ) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാല്‍ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചില്‍ കുറവാണ്. അസഹനീയമായ ചൊറിച്ചില്‍ സോറിയാസിസ് രോഗിയില്‍ കണ്ടാല്‍ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങള്‍ തേടേണ്ടതുണ്ട്.യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.

വിവിധ തരത്തില്‍ സോറിയാസിസ് പ്രകടമാകാം

1.ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)

80-90% സോറിയാസിസ് രോഗികളും ഈ ഗണത്തില്‍ പെടുന്നു. വ്യക്തമായ അരുകുകള്‍ ഉള്ള വെള്ളി നിറത്തിലെ ശല്‍കങ്ങളോടു കൂടിയ ചുവന്ന തടിപ്പുകള്‍ കൈകാല്‍മുട്ടുകള്‍, നടുവ്, ശിരോചര്‍മ്മം, കൈകാല്‍ വെള്ള എന്നീ ശരീരഭാഗങ്ങളില്‍ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോള്‍ കൂടുതല്‍ ശരീരഭാഗങ്ങളിലേക്ക് പാടുകള്‍ വ്യാപിക്കുന്നു. ചില പാടുകള്‍ക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോര്‍നോഫ്‌സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.

പരിക്കുകള്‍ അല്ലെങ്കില്‍ ക്ഷതം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ ക്ഷതം ഏറ്റ അതേ മാതൃകയില്‍ പുതിയ തടിപ്പുകള്‍ ഉണ്ടാകാം, ഇത് കോബ്‌നര്‍ ഫിനോമിനന്‍ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.

പാടുകള്‍ ശിരോചര്‍മ്മത്തില്‍ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാല്‍ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്‍പറഞ്ഞ ഭാഗങ്ങള്‍ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉള്‍പ്പെടാം.

മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരന്‍ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചര്‍മ്മം, പുരികം, മൂക്കിന്റെ വശങ്ങള്‍, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകള്‍, കക്ഷം, തുടയിടുക്കുകള്‍ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.

അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)

ടോണ്‍സിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടര്‍ന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികള്‍ പോലെ ശല്‍കങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകള്‍ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചര്‍മ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളില്‍ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എരിത്രോടെര്‍മിക് സോറിയാസിസ്

ത്വക്കിന്റെ 90 ശതമാനത്തില്‍ കൂടുതല്‍ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളില്‍ ഈ അവസ്ഥ ഉണ്ടാകാം.

പസ്റ്റുലാര്‍ സോറിയാസിസ് (pustular psoriasis)

ബയോപ്‌സി ചെയ്തു മൈക്രോസ്‌കോപ്പി പരിശോധനയില്‍ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്. എന്നാല്‍ രോഗതീവ്രത കൂടുമ്പോള്‍ ഇത് പ്രത്യക്ഷത്തില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചര്‍മ്മത്തില്‍ പഴുത്ത കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാര്‍ സോറിയാസിസ്.

കൈകാല്‍ വെള്ളകളില്‍ മാത്രം പഴുത്ത കുരുക്കള്‍ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാര്‍ പസ്റ്റുലോസിസ് (palmoplantar pustulosis) മുതല്‍ ചര്‍മ്മത്തില്‍ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലര്‍ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തില്‍ പെടുന്നു.

തീവ്രതയേറിയ ഇനങ്ങളില്‍ സോറിയാസിസിന്റെ പാടുകളിലോ ചര്‍മ്മത്തില്‍ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കള്‍ രൂപപ്പെടുന്നു. പല കുരുക്കള്‍ ചേര്‍ന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകള്‍ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദര്‍ഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെയും സംഭവിക്കാം.

സോറിയാറ്റിക് ആര്‍ത്രോപതി (psoriatic arthropathy)

ത്വക്കില്‍ സോറിയാസിസ് ഉള്ള 40% ആളുകളില്‍ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ആകാം. രാവിലെ എഴുന്നേറ്റയുടന്‍ സന്ധികള്‍ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാല്‍ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആര്‍ത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.

സങ്കീര്‍ണതകള്‍

എരിത്രോടെര്‍മിക് സോറിയാസിസിലും, പസ്റ്റുലാര്‍ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിര്‍ത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിര്‍ത്തുക എന്നീ കടമകള്‍ ചെയ്യാന്‍ കഴിയാതെ വന്ന് സെശി ളമശഹൗൃല എന്ന സങ്കീര്‍ണമായ അവസ്ഥയില്‍ എത്തുന്നു. തല്‍ഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളില്‍ വ്യതിയാനം, അപൂര്‍വമായി രക്തത്തില്‍ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.

സോറിയാസിസ് രോഗികളില്‍ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മര്‍ദം,ഹൃദയാഘാതം, പക്ഷാഘാതം, കരള്‍വീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

പരിശോധന

ചില സന്ദര്‍ഭങ്ങളില്‍ മാത്രം പരിശോധനകള്‍ ആവശ്യമായി വന്നേക്കാം.ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചര്‍മ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്‌സി പരിശോധനയിലൂടെ തിരിച്ചറിയാന്‍ കഴിയും.

പസ്റ്റുലര്‍ സോറിയാസിസ്, എരിത്രോടെര്‍മിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളില്‍ രക്തത്തിലെ കൗണ്ട്, ഇ എസ് ആര്‍, കാല്‍ഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീന്‍, വൃക്കകളുടെയും, കരളിന്റെയും പ്രവര്‍ത്തനം നിശ്ചയിക്കാനുള്ള പരിശോധനകള്‍, പഴുപ്പിന്റെയും, രക്തത്തിന്റെയും കള്‍ച്ചര്‍ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കില്‍ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സാ രീതികള്‍ ലഭ്യമാണ്. ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍. രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചര്‍മ്മം, കൈകാല്‍ വെള്ള, സന്ധികള്‍, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിര്‍ണയിക്കപ്പെടുന്നത്.

ചികിത്സാ രീതികള്‍

1.ലേപനങ്ങള്‍

സ്റ്റിറോയ്ഡ്, കോള്‍ ടാര്‍ തുടങ്ങി നിരവധി ലേപനങ്ങള്‍ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയില്‍ ലേപനങ്ങള്‍ മാത്രം മതിയാകും.

2.ഫോട്ടോതെറാപ്പി

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങള്‍ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദര്‍ഭങ്ങളില്‍ അള്‍ട്രാ വയലറ്റ് രശ്മികളോടുള്ള ചര്‍മ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

3.മരുന്നുകള്‍ (ഗുളികകളും ഇഞ്ചക്ഷനും)

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആര്‍ത്രോപതി, എരിത്രോടെര്‍മിക് സോറിയാസിസ്, പസ്റ്റുലാര്‍ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകള്‍ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകള്‍ കഴിക്കുന്നവരില്‍ കൃത്യമായ തുടര്‍പരിശോധനകള്‍ അനിവാര്യമാണ്.

ജീവിത ശൈലിയിലെ മാറ്റങ്ങള്‍

ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാന്‍ സഹായിക്കും. ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. ചില രോഗികളില്‍ ഗ്‌ളൂട്ടന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ (ഗോതമ്പ്, ബാര്‍ലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്. കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളില്‍കൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മര്‍ദം,ഹൃദയാഘാതം, പക്ഷാഘാതം, കരള്‍വീക്കം (non-alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.

സോറിയാസിസ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ചര്‍മ്മത്തില്‍ ക്ഷതമേല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക

2.നിരന്തരമായ ഉരസ്സലുകള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങള്‍ ഇളക്കാന്‍ ശ്രമിക്കാതിരിക്കുക.

3.ചര്‍മ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്‌സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം.

4.ടോണ്‍സിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാല്‍ ഉടനടി ചികിത്സ തേടുക.

5.പുകവലി, മദ്യപാനം ഒഴിവാക്കുക

6.മാനസ്സികസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുക

7.സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാല്‍ അമിതമായി വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.

8.ചികിത്സ ഡോക്ടര്‍ നിര്‍ദേശിച്ച രീതിയില്‍ നിര്‍ദിഷ്ട കാലം തുടരുക

ചുരുക്കി പറഞ്ഞാല്‍, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളില്‍ മോഹിതരാകാതെ സന്ദര്‍ഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം. ലക്ഷണങ്ങളാണ് രോഗനിര്‍ണയത്തിന്റെ ആധാരശില. അതിനാല്‍ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ത്വക് രോഗവിദഗ്ധന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Related posts