Nammude Arogyam
Cancer

വയറിനെ ബാധിക്കുന്ന ക്യാൻസർരോഗ ലക്ഷണങ്ങളെക്കുറിച്ചറിയാം

ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് ക്യാന്‍സര്‍. പ്രത്യേകിച്ചും വയറ്റിലെ ക്യാന്‍സര്‍, പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്ന് കൂടിയാണ്. ക്യാന്‍സര്‍ എന്ന രോഗം കണ്ടെത്താന്‍ വൈകുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കാന്‍ കാരണമാകുന്നത്. വയറ്റിലെ ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ വയറ്റിലെ ചില അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറാണെന്ന് കൂടി പറയാം. വയറ്റിലെ ക്യാന്‍സറിന് ചില പൊതു ലക്ഷണങ്ങളുണ്ട്. ഇതില്‍ ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ പൊതു ലക്ഷണങ്ങളുണ്ട്. വയറിലെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ക്ക് പൊതുസ്വാഭാവത്തോടൊപ്പം ചില പ്രത്യേക ലക്ഷണങ്ങളുമുണ്ട്. വയറിലെ പ്രത്യേക അവയങ്ങളെ ബാധിയ്ക്കുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങൾ എന്തൊക്കെയാണെന് നോക്കാം.

അന്നനാളം ക്യാന്‍സര്‍

വയറിന്റെ തുടക്കത്തില്‍ അന്നനാളം പെടുന്നു. നമ്മുടെ അന്നനാളം എന്നത് ഒരു ട്യൂബാണ്. ഇതില്‍ ഒരു വളര്‍ച്ചയുണ്ടായാല്‍ ഇതില്‍ നിന്നും മലത്തിലൂടെ രക്തം പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും കറുത്ത നിറത്തില്‍. അന്നനാളത്തില്‍ വളര്‍ച്ച വരുമ്പോള്‍ ട്യൂബ് ചുരുങ്ങുന്നു. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടു വരുന്നു. ഇത് വന്നാല്‍ ഉടന്‍ ഡോക്ടറെ കണ്ട് എന്‍ഡോസ്‌കോപി ചെയ്യേണ്ടതാണ്. വളര്‍ച്ച കൂടുന്തോറും ഭക്ഷണമിറക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ആദ്യം പൊറോട്ട കഴിയ്ക്കാന്‍ ബുദ്ധിമുട്ട്, പിന്നീട് ചപ്പാത്തി, പിന്നീട് ചോറ്, പിന്നീട് വെള്ളം പോലും ഇറക്കാന്‍ ബുദ്ധിമുട്ട്. ഇത്തരം അവസ്ഥ വരുമ്പോള്‍ അതിന് അനുസരിച്ച ഭക്ഷണം കഴിയ്ക്കാതെ പ്രശ്‌നം കണ്ടെത്താന്‍ ശ്രമിയ്ക്കുക.

ആമാശയ ക്യാന്‍സര്‍

അന്നനാളം ചെന്നെത്തുന്നത് ആമാശയത്തിലാണ്. ഇത് വലിയൊരു ഭാഗമാണ്. ആമാശയത്തിന്റെ അവസാന ഭാഗത്താണ് ക്യാന്‍സറെങ്കില്‍ ഛര്‍ദിയാണ് പ്രധാന ലക്ഷണം. ഇതു പോലെ തന്നെ മലത്തില്‍ രക്തവും കാണാം. എന്നാല്‍ ഇത്തരം ലക്ഷണം കാണാതെ തന്നെ ആമാശയത്തില്‍ ക്യാന്‍സര്‍ വളരാം. ആമാശയത്തിന്റെ ചില ഭാഗത്തു ക്യാന്‍സര്‍ വന്നാല്‍ ഛര്‍ദിയോ, മറ്റു ലക്ഷണമോ ഇല്ലാതെയും വലിപ്പം വയ്ക്കും. ഇത്തരം ഘട്ടത്തില്‍ രക്തക്കുറവ്, ക്ഷീണം, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങളാകാം ഉണ്ടാകുന്നത്.

ലോവര്‍ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ട്രാക്റ്റ് ക്യാന്‍സര്‍

ലോവര്‍ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ട്രാക്റ്റ് അഥവാ ചെറുകുടലിന്റെ ബാക്കി ഭാഗവും വന്‍കുടലും എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറെങ്കില്‍ ഛര്‍ദി, വയറുവേദന, വയര്‍ വീര്‍ത്തു വരിക, മലത്തില്‍ രക്തം എന്നിവ വരാം. മലദ്വാരത്തിനോട് അടുത്ത കിടക്കുന്ന ക്യാന്‍സറെങ്കില്‍ അതിന്റെ ലക്ഷണം രക്തം പോകുകയെന്നത് മാത്രമാകും. പലരും ഇത് പൈല്‍സ് ആയി കണക്കാക്കാനും സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ മലത്തിലൂടെ രക്തം പോകുന്നുവെങ്കില്‍ ഏറെ ശ്രദ്ധ വേണം. ഇടയ്ക്കിടെ മല വിസര്‍ജനം നടത്തണമെന്നു തോന്നും, എങ്കിലും പോകില്ല.

ഇവക്ക് പുറമെ, രണ്ട് മറ്റ് പ്രധാന അവയവങ്ങളാണ് ലിവര്‍, പാന്‍ക്രിയാസ് എന്നിവ. ഇതിലും ക്യാന്‍സര്‍ ബാധ വരും. ഇതും ചിലപ്പോള്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കില്ല. തൂക്കം കുറയുക, വിശപ്പില്ലായ്മ, കുറച്ചു ഭക്ഷണം കഴിച്ചാല്‍ വയര്‍ നിറയുക, വയര്‍ വീര്‍ത്തു വരിക, മഞ്ഞപ്പിത്തം, ശരീരത്തില്‍ ചൊറിച്ചില്‍ തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ടാകും. അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി, എംആര്‍ഐ സ്‌കാന്‍, രക്തപരിശോധന എന്നിവയെല്ലാം ഇത്തരം ഇടങ്ങളിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കും.

ലക്ഷണങ്ങൾ കണ്ടാൽ ഒരുപക്ഷെ തുടക്കത്തിലേ ചികിൽസിച്ച് മാറ്റാൻ പറ്റുന്ന ഒരു അസുഖമാണ് ക്യാൻസർ. പലപ്പോഴും തുടക്കത്തിൽ കണ്ടെത്താൻ സാധിക്കാത്തതാണ് ക്യാൻസർ എന്ന രോഗത്തെ ഭീകരനാക്കുന്നത്. അതിനാൽ രോഗങ്ങളെ നിസ്സാരമെന്ന് പറഞ്ഞ് അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ നേടുക. മുൻകൂട്ടിയുള്ള കരുതൽ നമ്മളെ പല ഗുരുതര അപകടങ്ങളിൽ നിന്നും രക്ഷിച്ചേക്കാം.

Related posts