Nammude Arogyam
Healthy Foods

പ്രോട്ടീൻ ലഭിക്കാൻ മുട്ടയ്ക്ക് പകരം കഴിക്കാവുന്നത് എന്തൊക്കെയാണ്?

ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പിന്തുടരുന്നവർ മുട്ട ഒരു പ്രധാന ഭക്ഷണമായി ഉൾപ്പെടുത്താറുണ്ട്. എന്നാൽ, എല്ലാവരും മുട്ടയുടെ വലിയ ആരാധകരല്ല. ചിലർക്ക് മുട്ട കഴിക്കുമ്പോൾ അലർജിയുണ്ടാകാറുണ്ട്. മാത്രമല്ല നമ്മിൽ പലരും അതിന്റെ പ്രത്യേക രുചി ഇഷ്ടപ്പെടുന്നവരുമല്ല. എന്നിരുന്നാലും, നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ അളവ് നിലനിർത്താൻ നാം മുട്ട കഴിക്കാറുമുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ അളവിൽ ലഭിക്കാൻ മുട്ടകളെ മാത്രം ആശ്രയിക്കേണ്ടതില്ല. മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ ഉള്ള മറ്റ് ഭക്ഷണങ്ങളും ഉണ്ട്.

നമ്മുടെ ഭക്ഷണത്തിൽ പ്രോട്ടീൻ ആവശ്യമാണ്, കാരണം ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങൾ നന്നാക്കാനും പുതിയവ ഉണ്ടാക്കാനും സഹായിക്കുന്നു. പ്രോട്ടീൻ നമ്മുടെ പേശികൾക്ക് നിർമാണ ഘടകമായി വർത്തിക്കുന്നു. ഇത് കുട്ടികളിലും ഗർഭിണികളായ സ്ത്രീകളിലും വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. മുടി, നഖം, ചർമ്മം എന്നിവയുടെ ആരോഗ്യത്തിലും പ്രോട്ടീനുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1.ക്വിനോവ-ക്വിനോവയിൽ ഒരു കപ്പിന് എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ അവശ്യ അമിനോ ആസിഡുകളും നൽകുന്നു, കാരണം ഇത് അപൂർവ സസ്യ അധിഷ്ഠിത പ്രോട്ടീൻ ആണ്.

2.വെള്ളക്കടല-ഇതിന്റെ ഒരു കപ്പിൽ എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. സസ്യ അധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ് വെള്ളക്കടല.

3.ടോഫു-ടോഫു പ്രോട്ടീന്റെ ഒരു കലവറ തന്നെയായിട്ടുള്ള സസ്യ അധിഷ്ഠിത ഭക്ഷണമാണ്. മൂന്ന് ഔൺസ് ടോഫുവിൽ എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

4.ബദാം വെണ്ണ-രണ്ട് ടേബിൾസ്പൂൺ ബദാം വെണ്ണ അഥവാ ആൽമണ്ട് ബട്ടറിൽ ഏഴ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്.

5.ഗ്രീക്ക് യോഗർട്ട്-സാധാരണ തൈരുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീക്ക് യോഗർട്ടിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീക്ക് യോഗർട്ടിൽ 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

6.പയറ്-അര കപ്പ് പയറ് എട്ട് ഗ്രാം പ്രോട്ടീൻ നൽകുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഇവ വളരെ ആരോഗ്യകരവുമാണ്.

7.പീനട്ട് ബട്ടർ-രണ്ട് ടേബിൾ സ്പൂൺ പീനട്ട് ബട്ടർ അഥവാ കപ്പലണ്ടി വെണ്ണയിൽ ഏഴ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബ്രെഡിലോ ആപ്പിൾ കഷ്ണങ്ങളിലോ ഇത് പുരട്ടി കഴിക്കാം.

8.മത്തങ്ങ വിത്തുകൾ-ഒരു ഔൺസ് മത്തങ്ങ വിത്തിൽ 8.5 ഗ്രാം പ്രോട്ടീൻ ഉണ്ട്. സിങ്ക്, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ.

9.ചെഡ്ഡാർ ചീസ്-ഒരു ഔൺസ് ചെഡ്ഡാർ ചീസിൽ ഏഴ് ഗ്രാം പ്രോട്ടീൻ ഉണ്ട്. വിറ്റാമിൻ എ, ബി 12, ഫോസ്ഫറസ്, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

10.ചെമ്മീൻ-നാല് ഔൺസ് ചെമ്മീനിൽ 17 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

പ്രോട്ടീൻ കഴിക്കാൻ ഒരു ശരിയായ സമയമില്ല. ദിവസത്തിലെ ഏത് സമയത്തും കഴിക്കാവുന്നതാണ്. രാവിലെ പ്രോട്ടീൻ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് കൂടുതൽ ഊർജ്ജം ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു, രാത്രി ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് ഒറ്റ രാത്രികൊണ്ട് ശരീരം പുനരുജ്ജീവിപ്പിക്കുവാനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ഒരു ദിവസം ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് 0.8 ഗ്രാം പ്രോട്ടീൻ കഴിക്കാം.

പ്രോട്ടീനിന്റെ അഭാവം പലവിധ രോഗങ്ങൾക്കും കാരണമാകും. അതിനാൽ പ്രോട്ടീനിന്റെ സമ്പന്ന ഉറവിടമായ മുട്ട ഇഷ്ടമല്ലെങ്കിൽ പകരം, മുകളിൽപ്പറഞ്ഞവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുവഴി ആവശ്യമായ പ്രോട്ടീനുകൾ ശരീരത്തിലേക്ക് എത്തുന്നതാണ്.

Related posts