Nammude Arogyam
ChildrenOldage

കൊലയാളി ന്യുമോണിയയുടെ ലക്ഷണങ്ങളെക്കുറിച്ചറിയണ്ടേ?

പ്രായമാകുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം കുറയുന്നു, തല്‍ഫലമായി വിവിധ തരം അസുഖങ്ങളുമുണ്ടാകുന്നു. എന്നാൽ എല്ലാവരിലും ഉണ്ടാകുന്ന അസുഖങ്ങൾ ഒരു പോലെയാകണമെന്നില്ല. പലരിലും അസുഖങ്ങളുടെ തീവ്രത ചിലപ്പോൾ കൂടിയും കുറഞ്ഞുമിരിക്കും, പ്രത്യേകിച്ച് കുട്ടികളിലും, പ്രായമായവരിലും.

ഒരു പ്രായം കഴിഞ്ഞാൽ മുതിര്‍ന്നവരിൽ ന്യൂമോണിയ ഉള്‍പ്പെടെയുള്ള അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ന്യുമോണിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുമെങ്കിലും, മറ്റ് പ്രായത്തിലുള്ളവരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതൽ ഇത് പ്രായമായവരെ ബാധിക്കുന്നു. പ്രായമായവരില്‍ ന്യുമോണിയ ജീവന് ഭീഷണിയാണ്. ലോകമെമ്പാടുമുള്ള കണക്കുകളനുസരിച്ച് ഇരുപത് സെക്കന്റില്‍ ഒരു ്യുമോണിയ മരണമെങ്കിലും ഉണ്ടാകുന്നുവെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

ലക്ഷണങ്ങൾ

ലക്ഷണങ്ങളില്ലാതെ അസുഖങ്ങൾ ഉണ്ടാകില്ല എന്നാണല്ലോ പൊതുവേ പറയാറ്. അങ്ങനെയാണെങ്കിൽ ഈ കൊലയാളി ന്യുമോണിയക്കും കാണുമല്ലോ ചില ലക്ഷണങ്ങൾ . അവയെക്കുറിച്ചറിയാം

ചുമ

മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന ചുമ വ്യക്തമാകാത്ത ന്യുമോണിയയുടെ പ്രധാന ലക്ഷണമാണ്. ശ്വാസകോശത്തില്‍ മ്യൂക്കസ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്ന ചില തരം ന്യുമോണിയയുമുണ്ട്. ഇതിനെ തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ നമുക്ക് ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ വേണ്ട പോലെ പ്രതിരോധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് ഗുരുതരമായി മാറുകയും പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുകയും ചെയ്യുന്നുണ്ട്.

പനി

പനി എന്നത് സാധാരണ ഒരു രോഗലക്ഷണമാണ്. എന്നാല്‍ ന്യൂമോണിയ ബാധിച്ച വ്യക്തികളെ പെട്ടെന്നുള്ള പനി ബാധിക്കുന്നു.

ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട്

ന്യൂമോണിയ ഉണ്ടെങ്കില്‍ ശ്വാസകോശത്തിലെ വായു സഞ്ചികളിൽ ദ്രാവകം അല്ലെങ്കില്‍ പഴുപ്പ് നിറയുന്നു. ഇത് ചുമയ്ക്ക് കാരണമാകുന്നു, മാത്രമല്ല ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

നെഞ്ച് വേദന

ശ്വാസകോശത്തിലെ അണുബാധ ചുമയിലും ശ്വസനത്തിലും മുതിര്‍ന്നവരില്‍ നെഞ്ചുവേദനയ്ക്ക് കാരണമാകും. ചുമയിലും ശ്വസനത്തിലും നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍, ഒരു ഡോക്ടറെ സമീപിച്ച് സ്വയം പരിശോധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ക്ഷീണം

ശരീരം ന്യൂമോണിയ പോലുള്ള അണുബാധയുമായി പോരാടുമ്പോള്‍, ശരീരം സാധാരണയായി തളര്‍ന്നുപോകുകയും ധാരാളം ഊര്‍ജ്ജം പാഴാകുകയും ചെയ്യും. തത്ഫലമായി എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടാം. ഇത്തരം അവസ്ഥകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എപ്പോഴും ക്ഷീണം ഉള്ളത് രോഗമല്ല, രോഗലക്ഷണമാണ്.

മുൻകരുതലുകൾ

1.ഓരോ ഭക്ഷണത്തിനും മുമ്പായി പതിവായി കൈ കഴുകുന്നത് പോലുള്ള അടിസ്ഥാന ശുചിത്വ നിയമങ്ങള്‍ പാലിക്കുക. ഇത് എല്ലാവരും ചെയ്യേണ്ട കാര്യമാണ്, പക്ഷേ ഇത് മുതിര്‍ന്നവര്‍ക്കും മുകളില്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

2.മുതിര്‍ന്നവര്‍ എല്ലായ്‌പ്പോഴും ഒരു ഡോക്ടറുടെ അംഗീകൃത ഭക്ഷണക്രമവും വ്യായാമവും പാലിക്കണം. ഇത് അവരുടെ രോഗപ്രതിരോധ ശേഷി അകത്ത് നിന്ന് വര്‍ദ്ധിപ്പിക്കാനും ന്യുമോണിയ പോലുള്ള അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. അതുകൊണ്ട് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിന് ശ്രദ്ധിക്കണം.

3.പുകവലി ഉപേക്ഷിക്കാം പുകവലി ശരീരത്തിനും മനസ്സിനും ഹാനികരമാണ്. പുകവലിക്കുന്നവര്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, കാരണം ശ്വാസകോശത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രശ്‌നത്തിലാവുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാവുകയും ചെയ്യുന്നു.

ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമാകുന്ന രോഗാവസ്ഥയാണ് ന്യുമോണിയ. ഈ കൊറോണക്കാലത്ത് പ്രത്യേകിച്ചും ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ നാം സ്വയം പ്രതിരോധം സൃഷ്ടിക്കേണ്ടതാണ്. അത് കൊണ്ട് മുകളിൽപ്പറത്ത എന്തെങ്കലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

Related posts