Nammude Arogyam
General

അറിയാമോ രക്തം ദാനം ചെയ്താലുള്ള ഗുണങ്ങൾ?

അപകടങ്ങൾ സംഭവിക്കുമ്പോഴും ചികിത്സയ്ക്കുമായി ഓരോ ദിവസവും നൂറുകണക്കിനാളുകൾക്ക് രക്തം ആവശ്യമായി വരാറുണ്ട്. അത്തരം അടിയന്തിര സാഹചര്യങ്ങളിൽ രക്തം ദാനം ചെയ്യുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. ജീവൻ അപകടത്തിലായവർക്ക് കൃത്യ സമയത്ത് രക്തം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്, അതോടൊപ്പം രക്‌തദാനം നടത്തുന്നവർക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് നിരവധി അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

എല്ലാ വർഷവും, ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾക്കാണ് രക്ത ദാനം കാരണം ജീവൻ തിരിച്ചു ലഭിക്കുന്നത്. ഇടയ്ക്കിടെ രക്തം ദാനം ചെയ്യുന്നത് വഴി രക്ത ദാദാവിന് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

പതിവായി രക്തദാനം ചെയ്യുന്നത് ഇരുമ്പിന്റെ അളവ് തുലനാവസ്ഥയിൽ നിലനിർത്തുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ വലിയ അളവിൽ ഇരുമ്പ് അംശം രൂപപ്പെടുന്നത് ഓക്സിഡേറ്റീവ് നാശത്തിന് കാരണമാകും, ഇത് അകാല വാർദ്ധക്യം, ഹൃദയാഘാതം,എന്നിവ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

2.കുറഞ്ഞ കാൻസർ സാധ്യത

ശരീരത്തിലെ ഉയർന്ന അളവിലുള്ള ഇരുമ്പ് അംശം കാൻസർ ബാധിക്കുന്നതിനുള്ള ക്ഷണമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ, രക്തത്തിൽ ആരോഗ്യകരമായ ഇരുമ്പിന്റെ അളവ് നിലനിർത്താൻ കഴിയും, അതുവഴി കാൻസർ ബാധിക്കാനുള്ള സാധ്യതയും കുറയ്ക്കും.

3.ശരീരഭാരം നിയന്ത്രിക്കാൻ

രക്തദാനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ, 450 മില്ലി രക്തം ദാനം ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് 650 കലോറി എരിച്ചു കളയാൻ സഹായിക്കുന്നു. എന്നാൽ സ്വന്തം ആരോഗ്യനില പരിശോധിച്ച് മാത്രമേ രക്ത ദാനത്തിന് ഒരുങ്ങാവൂ.

4.ഹീമോക്രോമറ്റോസിസിനെ തടയുന്നു

രക്തം ദാനം ചെയ്യുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്റെ അമിത ആഗിരണം നടക്കുന്ന ഹെമോക്രോമറ്റോസിസ് (ടിഷ്യൂകളിൽ ഇരുമ്പ് ലവണങ്ങൾ നിക്ഷേപിക്കുന്ന ഒരു പാരമ്പര്യ തകരാറാണിത്. കരൾ തകരാറ്, പ്രമേഹം, ചർമ്മത്തിന്റെ നിറമാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ഒന്ന് കൂടിയാണിത്). ഉണ്ടാകുന്നത് തടയാം. പതിവായി രക്തദാനം ചെയ്യുന്നത് ഇരുമ്പിന്റെ അളവ് കുറയ്ക്കും, അതിനാൽ ഇത് ഹീമോക്രോമറ്റോസിസ് ഉള്ളവർക്ക് ഗുണം ചെയ്യും.

5.രക്താണുക്കളുടെ ഉൽ‌പാദനം

രക്തദാനം പുതിയ രക്താണുക്കളുടെ ഉൽ‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. രക്തം ദാനം ചെയ്ത ശേഷം, 48 മണിക്കൂറിനുള്ളിൽ ശരീരത്തിന്റെ സിസ്റ്റം പ്രവർത്തിക്കുന്നു. ഇതുവഴി പുതിയ രക്താണുക്കൾ ഉൽ‌പാദിപ്പിക്കപ്പെടുകയും നഷ്ടപ്പെട്ട എല്ലാ ചുവന്ന രക്താണുക്കളും 30 മുതൽ 60 ദിവസത്തിനുള്ളിൽ വീണ്ടും രൂപപ്പെടുകയും ചെയ്യുന്നു. അതിനാൽ, രക്തം ദാനം ചെയ്യുന്നത് ശരീരത്തിന് എല്ലാ തരത്തിലും അനുകൂല ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

ജീവൻ ദാനം ചെയ്യുന്നതിന് തുല്യമാണ് സഹജീവിയ്ക്ക് അവശ്യ ഘട്ടത്തിൽ രക്തം ദാനം ചെയ്യുന്നത്. അതിനാൽ അത്യാവശ്യ സമയത്ത് ആവശ്യക്കാർക്ക് രക്തം ദാനം ചെയ്യുന്നത് നല്ലതാണ്. അത് നമുക്കും, രക്തം ലഭിക്കുന്നയാൾക്കും അത് ഒരുപോലെ ഗുണകരമാകും.

Related posts